Share this Article
News Malayalam 24x7
ബിജുമേനോന്‍ 15 ലക്ഷം നല്‍കണം; നിര്‍മാതാവിന് നഷ്ടം വരുത്തിയെന്ന ആരോപണം
Biju Menon

ഒരു സിനിമയുടെ പ്രചാരണ പരിപാടികളിൽ (പ്രൊമോഷൻ) പങ്കെടുക്കാത്തതിനെ തുടർന്ന് പ്രശസ്ത നടൻ ബിജു മേനോനെതിരെ കർശന നടപടിയുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. 'നടന്ന സംഭവം' എന്ന സിനിമയുടെ നിർമ്മാതാവിനുണ്ടായ നഷ്ടം നികത്തുന്നതിനായി 15 ലക്ഷം രൂപ ബിജു മേനോൻ നൽകണമെന്ന് അസോസിയേഷൻ നിർദ്ദേശിച്ചു.

നിർമ്മാതാവായ അനൂപ് കണ്ണൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. ബിജു മേനോൻ പ്രമോഷൻ പരിപാടികളിൽ നിന്ന് വിട്ടുനിന്നത് കാരണം തനിക്ക് 25 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി അനൂപ് കണ്ണൻ അസോസിയേഷന് നൽകിയ കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.


ഈ പരാതി പരിഗണിച്ച പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, ബിജു മേനോൻ 15 ലക്ഷം രൂപ നൽകണമെന്ന് ഉത്തരവിടുകയായിരുന്നു. ഈ തുക നടൻ്റെ അടുത്ത സിനിമയുടെ പ്രതിഫലത്തിൽ നിന്ന് ഈടാക്കാനാണ് നിർദ്ദേശം. നിർദ്ദേശിച്ച പണം നൽകാൻ തയ്യാറായില്ലെങ്കിൽ ബിജു മേനോനുമായി ഭാവിയിൽ സഹകരിക്കില്ലെന്നും അസോസിയേഷൻ വ്യക്തമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച ഔദ്യോഗിക കത്ത് അസോസിയേഷൻ ബിജു മേനോന് കൈമാറി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories