കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ ടംബ്ലർ റിഡ്ജ് സെക്കൻഡറി സ്കൂളിൽ നടന്ന ഭീകരമായ വെടിവെപ്പ് സംഭവത്തിൽ ഇതുവരെ 10 പേർ കൊല്ലപ്പെടുകയും 25-ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ടംബ്ലർ റിഡ്ജ് സെക്കൻഡറി സ്കൂളിൽ വെടിവെപ്പ് നടന്നത്. പ്രാഥമിക റിപ്പോർട്ടുകൾ അനുസരിച്ച്, വെടിവെപ്പ് നടത്തിയത് ഒരു സ്ത്രീയാണെന്നാണ് സൂചന. ഇവർ സ്കൂൾ പരിസരത്ത് വെച്ച് സ്വയം മുറിവേൽപ്പിച്ച് മരിച്ച നിലയിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
സ്കൂളിനുള്ളിൽ ആറു പേരുടെ മൃതദേഹങ്ങളാണ് ആദ്യം കണ്ടെത്തിയത്. പരിക്കേറ്റ ഒരാൾ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിച്ചു. കൂടാതെ, സ്കൂളിന് സമീപമുള്ള ഒരു വസതിയിൽ വെച്ച് രണ്ടുപേരെയും മരിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. പരിക്കേറ്റ 25 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വെടിവെപ്പിന്റെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ പൊലീസ് ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാനഡയെ ഒന്നടങ്കം നടുക്കിയ ഈ സംഭവത്തിൽ കൂടുതൽ വിവരങ്ങൾക്കായി അന്വേഷണ ഏജൻസികൾ കാത്തിരിക്കുകയാണ്.