പത്തനംതിട്ട എംപി ആന്റോ ആന്റണിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച് പരാതി. തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച ചിലവ് കണക്കുകളിലും സത്യവാങ്മൂലത്തിലും തെറ്റായ വിവരങ്ങളാണ് നൽകിയതെന്നാണ് പരാതിയിലെ പ്രധാന ആരോപണം. സിപിഐഎം ജില്ലാ കമ്മിറ്റി അംഗം എസ്. മനോജാണ് പരാതിക്കാരൻ. സ്വകാര്യ ധനകാര്യ സ്ഥാപന ഉടമയായ എൻ.എം. രാജുവുമായി ആന്റോ ആന്റണി നടത്തിയ സാമ്പത്തിക ഇടപാടുകൾ തിരഞ്ഞെടുപ്പ് കമ്മീഷനെ ബോധ്യപ്പെടുത്തിയില്ലെന്നാണ് പരാതിയിൽ പറയുന്നത്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ സാമ്പത്തിക ഇടപാടുകൾ എംപി ബോധപൂർവ്വം മറച്ചുവെച്ചുവെന്നും കളവ് കാട്ടിയെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.