വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ച 24 മണിക്കൂർ ദേശീയ പണിമുടക്ക് ഇന്ന് അർദ്ധരാത്രിയോടെ ആരംഭിക്കും. കേന്ദ്രസർക്കാരിൻ്റെ പുതിയ തൊഴിൽ കോഡുകൾ പിൻവലിക്കുക, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് കൂടുതൽ ഫണ്ട് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സംയുക്ത ട്രേഡ് യൂണിയനുകൾ രാജ്യവ്യാപകമായി പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
പണിമുടക്കിന് കെഎസ്ആർടിസി ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങൾ തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. സംസ്ഥാന സർക്കാർ ജീവനക്കാർ, അധ്യാപകർ, ബാങ്ക്, ഇൻഷുറൻസ്, പ്രതിരോധം, റെയിൽവേ, തുറമുഖം, വ്യോമയാന മേഖലകളിലെ ജീവനക്കാരും കരാർ തൊഴിലാളികളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സംയുക്ത കർഷക മോർച്ചയും സിപിഐഎം, സിപിഐ അടക്കമുള്ള രാഷ്ട്രീയ പാർട്ടികളും സമരത്തിന് ഐക്യദാർഢ്യം അറിയിച്ചിട്ടുണ്ട്.
എങ്കിലും, പാൽ, പത്രം, ആശുപത്രി, മരുന്ന് ഷോപ്പുകൾ, ഫയർ ആൻഡ് റെസ്ക്യൂ, ആംബുലൻസ് തുടങ്ങിയ അത്യാവശ്യ സർവീസുകളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ, ശബരിമല തീർത്ഥാടകരുടെ യാത്രകൾക്കും മാരമൺ കൺവെൻഷൻ്റെ നടത്തിപ്പിനും യാതൊരു തടസ്സവും ഉണ്ടാകില്ലെന്ന് സമരഭാരവാഹികൾ ഉറപ്പ് നൽകിയിട്ടുണ്ട്.