ശബരിമലയിലെ കൊടിമര സ്വർണവുമായി ബന്ധപ്പെട്ട കേസിൽ റിമാൻഡിലുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റും കമ്മീഷണറുമായ എൻ. വാസുവിൻ്റെ സ്വാഭാവിക ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും. 90 ദിവസത്തെ കാലാവധി പിന്നിട്ടിട്ടും കേസിൽ കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് മൂന്നാം പ്രതിയായ എൻ. വാസു ജാമ്യം തേടിയത്. ഇതിനിടെ, കേസിൽ മുൻ ദേവസ്വം സെക്രട്ടറി എസ്. ജയശ്രീ നൽകിയ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതിയും ഇന്ന് പരിഗണിക്കുന്നുണ്ട്. കേസിൽ അഞ്ചാം പ്രതിയായ തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യാപേക്ഷയിൽ ഈ മാസം 18-നാണ് വിധി വരുന്നത്. ജാമ്യ ഹർജികൾ മാറിമാറി പരിഗണിക്കുന്ന ഈ സാഹചര്യത്തിൽ കോടതിയുടെ തീരുമാനം ഏത് ദിശയിലാകുമെന്ന ആകാംഷയിലാണ് എല്ലാവരും.