ശബരിമലയിലെ സ്വർണ്ണക്കവർച്ചാ കേസിൽ അന്വേഷണം ഊർജിതമാക്കുന്നതിന്റെ ഭാഗമായി പ്രത്യേക അന്വേഷണ സംഘം (SIT) ഇന്ന് സന്നിധാനത്തെത്തും. ശ്രീകോവിലിന് ചുറ്റുമുള്ള സ്വർണ്ണപ്പാളികളുടെ സാമ്പിളുകൾ ശേഖരിക്കുകയാണ് സംഘത്തിന്റെ പ്രധാന ലക്ഷ്യം. മുൻപ് നടത്തിയ പരിശോധനകളിൽ തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമാകാത്ത സാഹചര്യത്തിൽ, ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് സംഘം വീണ്ടും പരിശോധനയ്ക്കിറങ്ങുന്നത്.
ഇന്ന് ഉച്ചയ്ക്ക് നടക്കുന്ന അവലോകന യോഗത്തിന് ശേഷം അന്വേഷണ സംഘം സന്നിധാനത്തേക്ക് തിരിക്കും. ക്ഷേത്രനട അടച്ചതിനുശേഷം നാളെയും മറ്റന്നാളുമായിരിക്കും സ്വർണ്ണപ്പാളികളിൽ നിന്നുള്ള സാമ്പിളുകൾ ശേഖരിക്കുക. എസ്.ഐ.ടി.ക്കൊപ്പം ലീഗൽ മെട്രോളജി, ഗോൾഡ് അസസ്‌മെന്റ് വിഭാഗങ്ങളിലെ വിദഗ്ധരും പരിശോധനയിൽ പങ്കുചേരും. ഇവിടെ നിന്ന് ശേഖരിക്കുന്ന സാമ്പിളുകൾ പിന്നീട് ശാസ്ത്രീയമായ വിദഗ്ദ്ധ പരിശോധനയ്ക്കായി ലാബുകളിലേക്ക് അയക്കും.
അതേസമയം, കേസുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന മുൻ തിരുവാഭരണം കമ്മീഷണർ കെ.എസ്. ബൈജുവിന്റെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും. കട്ടിളപ്പാളി കേസിൽ റിമാൻഡിലായി 90 ദിവസം പൂർത്തിയായ സാഹചര്യത്തിലാണ് അദ്ദേഹം സ്വാഭാവിക ജാമ്യത്തിനായി അപേക്ഷ നൽകിയത്. എന്നാൽ, ദ്വാരപാലക പ്രതിമകളിലെ സ്വർണ്ണം സംബന്ധിച്ച കേസിൽ ജാമ്യഹർജി ഈ മാസം 25-ന് മാത്രമേ കോടതി പരിഗണിക്കുകയുള്ളൂ. അതിനാൽ, ഇന്നത്തെ വിധി അനുകൂലമായാലും അദ്ദേഹം ഉടൻ ജയിൽ മോചിതനാകാൻ സാധ്യതയില്ലെന്നാണ് നിയമവൃത്തങ്ങൾ സൂചിപ്പിക്കുന്നത്.