Share this Article
News Malayalam 24x7
ശബരിമല സ്വര്‍ണ്ണക്കവര്‍ച്ച കേസ്; തന്ത്രിക്കും എന്‍ വാസുവിനും സമന്‍സ് അയച്ച് ഇ.ഡി
Sabarimala Gold Case

ശബരിമല സ്വർണ്ണക്കവർച്ചയുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നിർണ്ണായക നീക്കവുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ശബരിമല തന്ത്രി കണ്ഠരര് രാജീവർ, തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ. വാസു എന്നിവർക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ.ഡി സമൻസ് അയച്ചു. മാർച്ച് ആദ്യവാരം കൊച്ചിയിലെ ഇ.ഡി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം.

2019-ൽ ശബരിമലയിലെ ചെമ്പ് പാളികളിൽ സ്വർണ്ണം പൂശിയതുമായി ബന്ധപ്പെട്ട് ഉയർന്ന അഴിമതി ആരോപണങ്ങളാണ് കേസിന് ആധാരം. കോടതിയുടെയോ മറ്റ് അധികൃതരുടെയോ അനുമതിയില്ലാതെ ചെമ്പ് പാളികൾ ചെന്നൈയിലേക്ക് കൊണ്ടുപോയി സ്വർണ്ണം പൂശിയതിൽ വലിയ ക്രമക്കേട് നടന്നതായാണ് ആരോപണം. അന്ന് തയ്യാറാക്കിയ മഹസറിൽ ചെമ്പ് പാളികൾ എന്ന് രേഖപ്പെടുത്തിയത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ദുരൂഹത നിലനിൽക്കുന്നുണ്ട്.


അഴിമതി നടക്കുമ്പോൾ എൻ. വാസു ദേവസ്വം കമ്മീഷണറായും പിന്നീട് പ്രസിഡന്റായും ചുമതല വഹിച്ചിരുന്നു. സ്വർണ്ണം പൂശിയ പാളികൾ ചെന്നൈയിലെ വിവിധ സ്ഥലങ്ങളിൽ എത്തിച്ചു പൂജകൾ നടത്തിയതിലും വൻതോതിൽ ധനസമാഹരണം നടത്തിയതിലും സാമ്പത്തിക താൽപ്പര്യങ്ങളുണ്ടെന്ന് ഇ.ഡി സംശയിക്കുന്നു. ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിലെ പ്രായോജകരിൽ നിന്ന് വലിയ തോതിൽ പണം ലഭിച്ചിട്ടുണ്ടെന്നും ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർ ആരൊക്കെയാണെന്നും കണ്ടെത്തുകയാണ് ഇ.ഡിയുടെ ലക്ഷ്യം.

കേസുമായി ബന്ധപ്പെട്ട് മുൻ എക്സിക്യൂട്ടീവ് ഓഫീസർമാരായ സുധീഷ് കുമാർ, മുരാരി ബാബു, ദേവസ്വം ബോർഡ് സെക്രട്ടറി ജയശ്രീ തുടങ്ങിയവരെ ഇ.ഡി നേരത്തെ ചോദ്യം ചെയ്തിരുന്നു. ജയറാം എന്ന വ്യക്തിയുടെ വീട്ടിൽ വെച്ചാണ് സ്വർണ്ണം പൂശിയ പാളികൾ പൂജിച്ചതെന്ന് ഇയാൾ മൊഴി നൽകിയിട്ടുണ്ട്. നിലവിൽ ജാമ്യത്തിൽ കഴിയുന്ന തന്ത്രിയെയും മുൻ പ്രസിഡന്റിനെയും ചോദ്യം ചെയ്യുന്നതിലൂടെ കേസിലെ കള്ളപ്പണ ഇടപാടുകളെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കുമെന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പ്രതീക്ഷ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories