Share this Article
News Malayalam 24x7
സമരം ഒമ്പതാം ദിനത്തിൽ; ശസ്ത്രക്രിയകൾ നിർത്തിവെച്ചിട്ട് 6 ദിവസം
Kerala Medical College Doctors' Strike Enters 9th Day

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിൽ ഡോക്ടർമാർ നടത്തുന്ന സമരം ഒൻപതാം ദിവസത്തിലേക്ക് കടന്നതോടെ പൊതുജനാരോഗ്യം കടുത്ത പ്രതിസന്ധിയിൽ. ഒപി ബഹിഷ്കരണത്തിന് പിന്നാലെ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ കൂടി മുടങ്ങിയതോടെ രോഗികൾ ദുരിതത്തിലായി. ഇതിനിടെ, തിരുവനന്തപുരം ജില്ലയിലെ മറ്റ് സർക്കാർ ആശുപത്രികളിലും ഇന്ന് ചികിത്സാ തടസ്സം നേരിടാൻ സാധ്യതയുണ്ട്.

ശമ്പള പരിഷ്കരണ കുടിശിക അനുവദിക്കുക, പുതിയ തസ്തികകൾ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കെജിഎംസിടിഎ (KGMCTA) നേതൃത്വത്തിൽ മെഡിക്കൽ കോളേജ് ഡോക്ടർമാർ സമരം ചെയ്യുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, ധനമന്ത്രി എന്നിവരുമായി നടത്തിയ ചർച്ചകൾ ഫലം കാണാതെ പിരിഞ്ഞു. ആവശ്യങ്ങൾ അംഗീകരിക്കുന്ന കാര്യത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് വ്യക്തമായ ഉറപ്പ് ലഭിക്കാത്ത സാഹചര്യത്തിൽ സമരം തുടരാനാണ് സംഘടനയുടെ തീരുമാനം. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ മുടങ്ങിയിട്ട് ഇന്ന് ആറു ദിവസമായി.


മെഡിക്കൽ കോളേജ് സമരത്തിന് പുറമെ, നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടറെ സസ്പെൻഡ് ചെയ്തതിനെതിരെ കെജിഎംഒഎ (KGMOA) പ്രതിഷേധം ശക്തമാക്കി. ഇന്ന് ഡോക്ടർമാർ കൂട്ടത്തോടെ അവധിയെടുത്ത് പ്രതിഷേധിക്കുന്നതിനാൽ ജില്ലയിലെ പ്രധാന സർക്കാർ ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിക്കും.


നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നവജാത ശിശു മരിച്ച സംഭവത്തിലാണ് ഡോക്ടറെ സസ്പെൻഡ് ചെയ്തത്. എന്നാൽ വസ്തുതകൾ പരിശോധിക്കാതെയാണ് നടപടിയെന്ന് ഡോക്ടർമാരുടെ സംഘടന ആരോപിക്കുന്നു. ആശുപത്രി സൂപ്രണ്ടിനെ മർദ്ദിച്ചവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും സസ്പെൻഷൻ നടപടി പിൻവലിക്കണമെന്നുമാണ് കെജിഎംഒഎയുടെ ആവശ്യം.


മെഡിക്കൽ കോളേജുകളിൽ ശസ്ത്രക്രിയകൾ മുടങ്ങുന്നതും ഒപി സേവനം ഭാഗികമാകുന്നതും ദൂരപ്രദേശങ്ങളിൽ നിന്ന് എത്തുന്ന രോഗികളെയാണ് ഏറെ ബാധിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് ജില്ലാ-താലൂക്ക് ആശുപത്രികളിൽ കൂടി സമരം വ്യാപിക്കുന്നത് ചികിത്സാ രംഗം പൂർണ്ണമായും സ്തംഭിപ്പിക്കുന്ന അവസ്ഥയിലേക്കാണ് വിരൽ ചൂണ്ടുന്നത്. വരും ദിവസങ്ങളിൽ സർക്കാർ കർശന നടപടിയോ സമവായ ചർച്ചകളോ നടത്തിയില്ലെങ്കിൽ സ്ഥിതി കൂടുതൽ വഷളാകാനാണ് സാധ്യത.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories