ശബരിമലയിലെ സ്വർണ്ണക്കൊടിമരം പുനർനിർമ്മിച്ചതുമായി ബന്ധപ്പെട്ട സ്വർണ്ണത്തട്ടിപ്പ് ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം ഊർജിതമാക്കി. കേസിന്റെ ഭാഗമായി പ്രമുഖ നടന്മാരായ മോഹൻലാൽ, ദിലീപ് എന്നിവരുടെ മൊഴി വിജിലൻസ് സംഘം രേഖപ്പെടുത്തി.വിജിലൻസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് ഇവരുടെ മൊഴിയെടുത്തത്. കൊടിമര നിർമ്മാണത്തിനായി സ്വർണ്ണം സംഭാവന നൽകിയതുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പ്രധാനമായും ആരാഞ്ഞത്.
തിരുവനന്തപുരത്തെ വസതിയിൽ വെച്ചാണ് മോഹൻലാലിന്റെ മൊഴി രേഖപ്പെടുത്തിയത്. സ്വർണ്ണം സംഭാവനയായി നൽകാൻ തന്നോട് ആവശ്യപ്പെട്ടത് സുരേഷ് ഗോപിയാണെന്ന് മോഹൻലാൽ മൊഴി നൽകി.തിരുവനന്തപുരത്തെ ഒരു പ്രമുഖ ജ്വല്ലറിയിൽ നിന്നും രണ്ട് പവൻ സ്വർണ്ണം വാങ്ങി സുഹൃത്ത് മുഖേന പമ്പയിൽ എത്തിച്ചു നൽകുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
നടൻ ദിലീപിന്റെ മൊഴി കൊച്ചിയിൽ വെച്ചാണ് രേഖപ്പെടുത്തിയത്. കൊടിമര നിർമ്മാണ ചടങ്ങിൽ പങ്കെടുത്തതും സ്വർണ്ണ സംഭാവന നൽകിയതും സംബന്ധിച്ച കാര്യങ്ങൾ വിജിലൻസ് സംഘം അദ്ദേഹത്തോട് ചോദിച്ചറിഞ്ഞു.
നേരത്തെ, കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി, സംവിധായകൻ ഷാജി കൈലാസ്, തിരക്കഥാകൃത്ത് രൺജി പണിക്കർ, നിർമ്മാതാവ് സുരേഷ് കുമാർ എന്നിവരുടെ മൊഴിയും വിജിലൻസ് രേഖപ്പെടുത്തിയിരുന്നു. 2017-ൽ നടന്ന കൊടിമര പുനർനിർമ്മാണത്തിനായി ലഭിച്ച സ്വർണ്ണത്തിന്റെ കണക്കുകളിൽ വലിയ പൊരുത്തക്കേടുകൾ ഉണ്ടെന്നാണ് വിജിലൻസിന്റെ പ്രാഥമിക കണ്ടെത്തൽ.
ഭക്തരിൽ നിന്നും സിനിമാ പ്രവർത്തകരിൽ നിന്നും ലഭിച്ച സ്വർണ്ണത്തിന് ഔദ്യോഗിക രസീതുകൾ നൽകിയില്ലെന്നും, ലഭിച്ച സ്വർണ്ണത്തിൽ ഒരു നിശ്ചിത അളവ് എവിടെപ്പോയി എന്നതിനെക്കുറിച്ച് കൃത്യമായ രേഖകളില്ലെന്നും റിപ്പോർട്ടുകളുണ്ട്. ഹൈക്കോടതിയുടെ കർശന നിർദ്ദേശത്തെത്തുടർന്നാണ് ഇപ്പോൾ സിനിമാ രംഗത്തെ പ്രമുഖരടക്കം 27 പേരുടെ മൊഴി രേഖപ്പെടുത്തുന്നത്.കേസിൽ കൂടുതൽ പേരെ വരുംദിവസങ്ങളിൽ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.