ബൊളീവിയയുടെ തലസ്ഥാനമായ ലാപാസിന് സമീപം പണവുമായി പോയ ചരക്ക് വിമാനം തകർന്ന് 15 പേർ കൊല്ലപ്പെട്ടു. ബൊളീവിയൻ വ്യോമസേനയുടെ സി-130 ഹെർക്കുലിസ് (C-130 Hercules) വിമാനമാണ് വെള്ളിയാഴ്ച ദാരുണമായ അപകടത്തിൽപ്പെട്ടത്. ബൊളീവിയൻ സെൻട്രൽ ബാങ്കിൽ നിന്നും പുതുതായി അച്ചടിച്ച നോട്ടുകൾ മറ്റ് നഗരങ്ങളിലേക്ക് എത്തിക്കാനുള്ള യാത്രയ്ക്കിടെയാണ് വിമാനം തകർന്നതെന്ന് അധികൃതർ സ്ഥിരീകരിച്ചു.
ലാപാസിലെ എൽ ഓൾട്ടോ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തുള്ള തിരക്കേറിയ ഹൈവേയിലേക്കാണ് വിമാനം തകർന്നു വീണത്. റൺവേയിൽ നിന്ന് പറന്നുയരുന്നതിനിടെ വിമാനം നിയന്ത്രണം വിട്ട് തെന്നിമാറുകയും ബാലൻസ് നഷ്ടപ്പെട്ട് താഴേക്ക് പതിക്കുകയുമായിരുന്നു. വിമാനം ഹൈവേയിലേക്ക് വീണതിനെത്തുടർന്ന് അവിടെയുണ്ടായിരുന്ന പന്ത്രണ്ടോളം വാഹനങ്ങൾ തകരുകയും തീപിടിക്കുകയും ചെയ്തു.
അപകടത്തിൽ മരിച്ച 15 പേരിൽ വിമാനത്തിലുണ്ടായിരുന്നവർക്ക് പുറമേ ഹൈവേയിലൂടെ സഞ്ചരിച്ചിരുന്ന സാധാരണക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. മുപ്പതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ദുരന്തത്തെത്തുടർന്ന് എൽ ഓൾട്ടോ വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും താൽക്കാലികമായി നിർത്തിവെച്ചു.
അപകടത്തെക്കുറിച്ച് ഉന്നതതല അന്വേഷണത്തിന് ബൊളീവിയൻ സർക്കാർ ഉത്തരവിട്ടു. വിമാനത്തിന്റെ മെക്കാനിക്കൽ തകരാറാണോ അതോ റൺവേയിലെ സാങ്കേതിക പ്രശ്നങ്ങളാണോ അപകടത്തിന് കാരണമായതെന്ന് വിശദമായ പരിശോധനയ്ക്ക് ശേഷമേ വ്യക്തമാകൂ എന്ന് വ്യോമസേനാ വക്താക്കൾ അറിയിച്ചു. വിമാനം തകർന്ന സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.