നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ അന്തിമഘട്ടത്തിലേക്ക് കടക്കവേ, സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. സംസ്ഥാനത്തെ മുഴുവൻ മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളെ സംബന്ധിച്ച് ഏകദേശ ധാരണയിലെത്തുകയാണ് ഇന്നത്തെ യോഗത്തിന്റെ പ്രധാന ലക്ഷ്യം.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഐഎമ്മിനെ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നയിക്കുമെന്ന് നേരത്തെ പൊളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബി വ്യക്തമാക്കിയിരുന്നു. പിണറായി വിജയൻ മത്സരിക്കുന്ന കാര്യത്തിലുള്ള ഔദ്യോഗിക പ്രഖ്യാപനം വരും ദിവസങ്ങളിൽ ഉണ്ടാകും.
ജില്ലാ സെക്രട്ടേറിയറ്റുകൾ സമർപ്പിച്ച പാനലുകളിൽ 90 ശതമാനം മണ്ഡലങ്ങളിലും ഒരൊറ്റ പേര് മാത്രമാണ് നിലവിൽ പരിഗണനയിലുള്ളത്. അതിനാൽ ഭൂരിഭാഗം സീറ്റുകളിലും സ്ഥാനാർത്ഥി നിർണ്ണയത്തിൽ വലിയ ആശയക്കുഴപ്പമില്ല. എന്നാൽ, ജില്ലാ പാനലുകളിൽ സംസ്ഥാന സെക്രട്ടേറിയറ്റ് എന്തെങ്കിലും തിരുത്തലുകൾ നിർദ്ദേശിച്ചാൽ ആ പട്ടികകൾ വീണ്ടും ജില്ലാ കമ്മിറ്റികൾക്ക് കൈമാറേണ്ടി വരും.
മുൻ മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ സ്ഥാനാർത്ഥിത്വമാണ് ഇന്നത്തെ യോഗം ചർച്ച ചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളിലൊന്ന്. അഞ്ച് തവണ മത്സരിച്ചവർക്ക് നിശ്ചയിച്ചിട്ടുള്ള ടേം വ്യവസ്ഥയിൽ ശൈലജ ടീച്ചർക്ക് ഇളവ് നൽകണമോ എന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും. നേരത്തെ ജില്ലാ സെക്രട്ടേറിയറ്റ് നൽകിയ മട്ടന്നൂർ മണ്ഡലത്തിലെ പട്ടികയിലോ മറ്റ് ലിസ്റ്റുകളിലോ ശൈലജ ടീച്ചറുടെ പേര് ഉൾപ്പെട്ടിരുന്നില്ല എന്നത് വലിയ ചർച്ചകൾക്ക് വഴിമാറിയിട്ടുണ്ട്. സമാനമായി, പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവനെ മത്സരിപ്പിക്കുന്ന കാര്യത്തിലും ഇന്നത്തെ യോഗം തീരുമാനമെടുക്കും.
ഘടകകക്ഷികൾ നേരത്തെ മത്സരിച്ചിരുന്ന ചില സീറ്റുകൾ സിപിഐഎം ഏറ്റെടുക്കുന്ന കാര്യത്തിലും ഇന്നത്തെ യോഗത്തിൽ ധാരണയുണ്ടാകും. തിരുവനന്തപുരം സെൻട്രൽ സീറ്റ് കേരള കോൺഗ്രസ് എമ്മിൽ നിന്ന് ഏറ്റെടുക്കുന്നത് സംബന്ധിച്ച പരിശോധന നടക്കുന്നുണ്ട്. രാമചന്ദ്രൻ കടന്നപ്പള്ളി (കണ്ണൂർ), കെ. ശശീന്ദ്രൻ (എലത്തൂർ), ആന്റണി രാജു തുടങ്ങിയവരുടെ സീറ്റുകളിലും ആർജെഡി-ജെഡിഎസ് തർക്കം നിലനിൽക്കുന്ന കോവളം സീറ്റിലും ഇന്ന് വ്യക്തമായ തീരുമാനമുണ്ടായേക്കും.
അതേസമയം, യുഡിഎഫിലും സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ പുരോഗമിക്കുകയാണ്. കൂടുതൽ ചർച്ചകൾക്കായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും നാളെ ഡൽഹിക്ക് തിരിക്കും. സ്ക്രീനിംഗ് കമ്മിറ്റി ചെയർമാൻ മധുസൂദനൻ മിസ്രിയുമായി നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമായിരിക്കും കോൺഗ്രസ് സ്ഥാനാർത്ഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനമാവുക.