വിവാദങ്ങൾക്കൊടുവിൽ കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പ്രദർശനാനുമതി നൽകിയ 'കേരള സ്റ്റോറി 2' എന്ന സിനിമയ്ക്ക് തിയേറ്ററുകളിൽ തണുപ്പൻ പ്രതികരണം. ചിത്രത്തിന്റെ ആദ്യദിനമായ ഇന്ന് സംസ്ഥാനത്തെ പ്രമുഖ നഗരങ്ങളിലെ പല തിയേറ്ററുകളിലും പ്രേക്ഷകരില്ലാത്ത അവസ്ഥയാണ്. ആവശ്യത്തിന് ആളുകൾ എത്താത്തതിനെ തുടർന്ന് പലയിടങ്ങളിലും ഷോകൾ റദ്ദാക്കേണ്ടി വന്നു.
സംസ്ഥാനത്തെ പ്രധാന റിലീസ് കേന്ദ്രങ്ങളിലെല്ലാം സമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്.
കോഴിക്കോട്: നഗരത്തിലെ റീഗൽ തിയേറ്ററിൽ വെറും രണ്ട് പേർ മാത്രമാണ് സിനിമ കാണാൻ ബുക്ക് ചെയ്തത്.
എറണാകുളം: നഗരത്തിലെ ഏഴ് തിയേറ്ററുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. പാൻ സിനിമാസിൽ ആറ് പേരും പിവിആറിൽ രണ്ട് പേരും മാത്രമാണ് ബുക്കിംഗ് നടത്തിയത്.
കൊച്ചി: കൊച്ചിയിലെ പ്രമുഖ തിയേറ്ററായ ഷേണായിലും പ്രേക്ഷകർ എത്താതിരുന്നതിനെ തുടർന്ന് ഷോകൾ പ്രതിസന്ധിയിലായി.
സിനിമയെ സംബന്ധിച്ച വിവാദങ്ങൾ ബോക്സ് ഓഫീസിൽ വലിയ മൈലേജ് നൽകുമെന്ന അണിയറ പ്രവർത്തകരുടെ പ്രതീക്ഷകൾക്ക് കേരളത്തിലെ കണക്കുകൾ കനത്ത തിരിച്ചടിയായി. ഏറെ കോളിളക്കം സൃഷ്ടിച്ച ഒന്നാം ഭാഗത്തിന് ശേഷം വന്ന രണ്ടാം ഭാഗത്തിന് കേരളത്തിലെ പ്രേക്ഷകർക്കിടയിൽ സ്വാധീനം ചെലുത്താൻ കഴിഞ്ഞില്ലെന്നാണ് ആദ്യ ദിനത്തിലെ കണക്കുകൾ സൂചിപ്പിക്കുന്നത്.
മതസൗഹാർദ്ദത്തിന് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി സിംഗിൾ ബെഞ്ച് ചിത്രത്തിന്റെ റിലീസ് 15 ദിവസത്തേക്ക് തടഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തതോടെയാണ് ചിത്രത്തിന് പ്രദർശനാനുമതി ലഭിച്ചത്. നിയമപോരാട്ടത്തിൽ വിജയിച്ച് തിയേറ്ററുകളിൽ എത്തിയെങ്കിലും ജനപിന്തുണ നേടുന്നതിൽ ചിത്രം പിന്നോട്ടു പോകുന്ന കാഴ്ചയാണ് കേരളത്തിൽ കാണുന്നത്.