ശബരിമലയുടെ ഭാവി വികസനത്തിനായി തിരുവിതാംകൂർ ദേവസ്വം ബോർഡ് സെപ്റ്റംബർ 20-ന് മുൻപ് സംഘടിപ്പിച്ച 'ആഗോള അയ്യപ്പ സംഗമ'ത്തിന്റെ നടത്തിപ്പ് ബോർഡിന് ഭീമമായ സാമ്പത്തിക നഷ്ടമുണ്ടാക്കി. സ്പോൺസർഷിപ്പിലൂടെ തിരികെ ലഭിക്കുമെന്ന് പ്രതീക്ഷിച്ച തുക എത്താതെ പോയതിനെ തുടർന്ന് ബോർഡിന് 3.40 കോടി രൂപയുടെ സാമ്പത്തിക നഷ്ടം സംഭവിച്ചതായി റിപ്പോർട്ട്.
മണ്ഡലകാലം ആരംഭിക്കുന്നതിന് മുന്നോടിയായി സർക്കാർ-ദേവസ്വം ബോർഡ് സംയുക്തമായി നടത്തിയ സംഗമത്തിൻ്റെ ഭാഗമായി പമ്പയിൽ ഒരുക്കിയ ജർമൻ പന്തലിന് മാത്രം ഏകദേശം മൂന്ന് കോടി രൂപയോളം ചെലവ് വന്നിരുന്നു. സ്പോൺസർഷിപ്പ് തുക എത്താൻ വൈകിയതിനാൽ പന്തൽ നിർമ്മാണത്തിനുള്ള തുക ബോർഡ് മുൻകൂർ (അഡ്വാൻസ്) നൽകുകയായിരുന്നു. എന്നാൽ പ്രതീക്ഷിച്ച സ്പോൺസർഷിപ്പ് ലഭിക്കാതെ വന്നതോടെ ഈ തുക ബോർഡിന് പൂർണ്ണമായും നഷ്ടമായി.
സർക്കാരിൻ്റെയോ ദേവസ്വം ബോർഡിൻ്റെയോ ഫണ്ട് ഈ ആവശ്യത്തിനായി ഉപയോഗിക്കരുതെന്നും ക്ഷേത്ര വരുമാനം വഴിതിരിച്ചുവിടരുതെന്നും ഹൈക്കോടതി നേരത്തെ കർശന നിർദ്ദേശം നൽകിയിരുന്നു. സ്പോൺസർഷിപ്പിലൂടെ മാത്രമേ പണം കണ്ടെത്തൂ എന്ന ഉറപ്പിലാണ് ബോർഡ് മുന്നോട്ട് പോയത്. ഈ ഉറപ്പ് ലംഘിക്കപ്പെട്ട സാഹചര്യത്തിൽ, ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് ഇന്ന് പരിഗണിക്കുന്ന ഓഡിറ്റ് റിപ്പോർട്ടും സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടും നിർണ്ണായകമാകും.അതേസമയം, ശബരിമല കൊടിമര പുനർപ്രതിഷ്ഠയുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാന വിജിലൻസ് അന്വേഷണം ആരംഭിച്ചതായും വിവരമുണ്ട്.