Share this Article
News Malayalam 24x7
പ്രചാരണം വ്യാജം; ചൂട് 54 ഡിഗ്രിവരെ ഉയരുമെന്ന പ്രാരണം തള്ളി ദുരന്തനിവാരണ അതോറിറ്റി
KSDMA Denies Fake News of 54-Degree Heatwave and Mobile Phone Explosions

കേരളത്തിൽ വരും ദിവസങ്ങളിൽ ചൂട് 54 ഡിഗ്രി മുതൽ 55 ഡിഗ്രി വരെ ഉയർന്നേക്കുമെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഔദ്യോഗികമായ മുന്നറിയിപ്പ് എന്ന രീതിയിൽ വാട്സാപ്പിലൂടെയും മറ്റും പ്രചരിക്കുന്ന ഈ സന്ദേശങ്ങൾ വിശ്വസിക്കരുതെന്ന് അധികൃതർ വ്യക്തമാക്കി.

ഏപ്രിൽ 29 മുതൽ മേയ് 12 വരെയുള്ള കാലയളവിൽ താപനില 45 ഡിഗ്രി മുതൽ 55 ഡിഗ്രി വരെ ഉയരുമെന്നും, അതിനാൽ തുറസ്സായ സ്ഥലങ്ങളിൽ നിൽക്കരുതെന്നുമാണ് സന്ദേശങ്ങളിൽ പറയുന്നത്. കൂടാതെ ചൂട് കാരണം മൊബൈൽ ഫോണുകൾ പൊട്ടിത്തെറിച്ചേക്കാം എന്നും കാറുകളിൽ ഇന്ധന ടാങ്കുകൾ പൂർണ്ണമായി നിറയ്ക്കരുത് എന്നും ഈ സന്ദേശത്തിലുണ്ട്. 'സിവിൽ ഡിഫൻസ് ഡിപ്പാർട്ട്മെന്റ്' എന്ന പേരിലാണ് ഈ വ്യാജ സന്ദേശം പ്രചരിക്കുന്നത്.


എന്നാൽ കേരളത്തിൽ ഇത്തരത്തിൽ ഒരു വകുപ്പില്ലെന്നും, പ്രചരിക്കുന്ന കാര്യങ്ങൾ പൂർണ്ണമായും വാസ്തവവിരുദ്ധമാണെന്നും ദുരന്തനിവാരണ അതോറിറ്റി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. താപനിലയെ സംബന്ധിച്ചുള്ള ഔദ്യോഗിക വിവരങ്ങൾക്കായി കാലാവസ്ഥാ വകുപ്പിന്റെ വെബ്‌സൈറ്റോ ദുരന്തനിവാരണ അതോറിറ്റിയുടെ പേജുകളോ മാത്രം ആശ്രയിക്കണമെന്നും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories