Share this Article
News Malayalam 24x7
അണികൾ തമ്മിൽ ഫ്ലക്സ് ബോര്‍ഡ് യുദ്ധം; കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ച തുടരുന്നു
internal Discussion on Leadership in Kerala Congress

തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ചൊല്ലിയുള്ള തർക്കങ്ങൾ തെരുവിലേക്ക് പടരുന്നു. എഐസിസിയുടെയും കെപിസിസിയുടെയും കർശന നിർദ്ദേശങ്ങൾ മറികടന്നാണ് നേതാക്കളുടെ അനുയായികൾ തമ്മിലുള്ള ഫ്ലക്സ് ബോർഡ് യുദ്ധം രൂക്ഷമായിരിക്കുന്നത്.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ അദ്ദേഹത്തിന്റെ സ്വന്തം ജില്ലയായ എറണാകുളത്ത് ഡിസിസി ഓഫീസിന് മുന്നിൽ ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടത് പാർട്ടിക്കുള്ളിലെ വിഭാഗീയതയുടെ ആഴം വ്യക്തമാക്കുന്നു. മുഖ്യമന്ത്രി പദത്തിനായി പിആർ (PR) ജോലികൾ നടത്തുന്നത് അവസാനിപ്പിക്കണമെന്നാണ് ഈ ബോർഡുകളിലെ ആവശ്യം. എന്നാൽ, ഇതിനു വിപരീതമായി മലപ്പുറം ജില്ലയിലെ തവനൂർ മണ്ഡലത്തിൽ വി.ഡി. സതീശനെ പിന്തുണച്ച് ഫ്ലക്സുകളും ഉയർന്നുകഴിഞ്ഞു. 'കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യങ്ങൾ' എന്നാണ് തൃപ്പങ്കോട് ഭാഗത്ത് പ്രത്യക്ഷപ്പെട്ട ബോർഡുകളിൽ ഉള്ളത്.


വി.ഡി. സതീശന് പുറമെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരുടെ പേരുകളും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നുണ്ട്. ചെന്നിത്തലയുടെ രാഷ്ട്രീയ ജീവിതത്തെ മുൻനിർത്തി ഇംഗ്ലീഷ് ദിനപത്രങ്ങളിൽ വന്ന മുഴുവൻ പേജ് പരസ്യം ഈ നീക്കങ്ങളുടെ ഭാഗമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ഇത്തരത്തിലുള്ള പ്രചാരണങ്ങളെ തള്ളിപ്പറയാൻ ബന്ധപ്പെട്ട നേതാക്കൾ തയ്യാറാകാത്തത് അണികൾക്ക് കൂടുതൽ ആവേശം നൽകുന്നു.


കോൺഗ്രസിലെ ഇത്തരം ഏകപക്ഷീയമായ ചർച്ചകളിൽ യുഡിഎഫ് ഘടകകക്ഷികളായ മുസ്ലിം ലീഗും ജോസഫ് ഗ്രൂപ്പും കടുത്ത അതൃപ്തി രേഖപ്പെടുത്തി. ജനവിധി വരുന്നതിന് മുൻപ് ഇത്തരം അവകാശവാദങ്ങൾ ഉന്നയിക്കുന്നത് മുന്നണിക്ക് ദോഷകരമാകുമെന്ന് ലീഗ് നേതൃത്വം വിമർശിച്ചു.


തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം മാത്രം നടക്കേണ്ട ചർച്ചകൾ ഇപ്പോഴേ തുടങ്ങുന്നത് പാർട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്നാണ് കെപിസിസി നേതൃത്വത്തിന്റെ വിലയിരുത്തൽ. അച്ചടക്കം ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കെപിസിസി അധ്യക്ഷൻ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ഹൈക്കമാൻഡിന്റെ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ വരുംദിവസങ്ങളിൽ കർശന നടപടികളുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് സൂചന.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories