അഞ്ചരക്കണ്ടി തയ്യിൽ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധിച്ച് വിവിധ ദളിത് സംഘടനകളും നിതിൻ രാജ് ആക്ഷൻ കൗൺസിലും സംയുക്തമായി നടത്തിയ സംസ്ഥാനവ്യാപക ഹർത്താൽ ശക്തം. രാവിലെ ആറുമണി മുതൽ വൈകിട്ട് ആറുമണി വരെയാണ് ഹർത്താൽ.
വിവിധ ജില്ലകളിൽ സമരാനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. തിരുവനന്തപുരം തമ്പാനൂർ, നെടുമങ്ങാട്, കഴക്കൂട്ടം, കണിയാപുരം ഭാഗങ്ങളിൽ കെഎസ്ആർടിസി ബസുകൾ തടഞ്ഞു. കാട്ടാക്കടയിൽ കടകൾ നിർബന്ധപൂർവം അടപ്പിച്ചു. പെട്രോൾ പമ്പുകളും അടപ്പിച്ചു. ഇടുക്കി ഉൾപ്പെടെയുള്ള പലയിടങ്ങളിലും പ്രവർത്തകർ വാഹനങ്ങൾ തടഞ്ഞിട്ടുണ്ട്.
തിരുവല്ലയിൽ കാൻസർ രോഗിയുമായി പോയ വാഹനം സമരക്കാർ തടഞ്ഞത് പ്രതിഷേധത്തിനിടയാക്കി. പിന്നീട് പൊലീസ് സ്ഥലത്തെത്തിയാണ് വാഹനം കടത്തിവിട്ടത്. അടിയന്തര സാഹചര്യങ്ങളൊഴിച്ച് പൊതുവാഹനങ്ങൾ പലയിടത്തും സർവീസ് നടത്തുന്നില്ല.
പ്രധാന ആവശ്യങ്ങൾ:
കോളേജിന്റെ അഫിലിയേഷൻ റദ്ദ് ചെയ്യുക.
റാഗിങ് വിരുദ്ധ നിയമം കർശനമായി നടപ്പിലാക്കുക.
നിതിൻ രാജിന്റെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകുക.
സംസ്ഥാനത്തെ മിക്ക ഭാഗങ്ങളിലും ഹർത്താൽ ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. സർക്കാർ ഓഫീസുകളുടെ പ്രവർത്തനത്തെ ഹർത്താൽ കാര്യമായി ബാധിച്ചിട്ടില്ലെങ്കിലും പൊതുഗതാഗത സൗകര്യങ്ങൾ മന്ദഗതിയിലായി. സംഭവവുമായി ബന്ധപ്പെട്ട് ഒരിടത്തും അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.