സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നതിനിടെ വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡിലെത്തി. ഈ മാസം 18-ന് 117.15 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് ഉപയോഗിച്ചത്. ഇത് കേരളത്തിൽ ഇതുവരെയുണ്ടായതിൽ വെച്ച് ഏറ്റവും ഉയർന്ന അളവാണ്.
ഉപഭോഗം കുതിച്ചുയർന്നതിനൊപ്പം തന്നെ വൈദ്യുതി വാങ്ങുന്നതിലും റെക്കോർഡ് വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം 91.78 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് കെഎസ്ഇബി പുറത്തുനിന്നും വാങ്ങിയത്. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നതിന്റെ സൂചനയായാണ് ഇതിനെ വിലയിരുത്തുന്നത്.
വൈദ്യുതി പ്രതിസന്ധി നേരിടുന്നതിനായി പുറത്തുനിന്നും 250 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ തീരുമാനിച്ചിരുന്നുവെങ്കിലും അത് നടപ്പായില്ല. ഇതോടെ വൈദ്യുതി പ്രതിസന്ധി കൂടുതൽ രൂക്ഷമാകാൻ സാധ്യതയുണ്ടെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ. ചൂട് ഇനിയും കൂടുന്ന സാഹചര്യത്തിൽ വൈദ്യുതി ഉപഭോഗം ഇനിയും വർധിക്കുമെന്നാണ് കണക്കുകൂട്ടൽ. ലോഡ് ഷെഡ്ഡിങ് ഒഴിവാക്കുന്നതിനായുള്ള നടപടികൾ ബോർഡ് സ്വീകരിക്കുന്നുണ്ടെങ്കിലും, നിലവിലെ സാഹചര്യം വൈദ്യുതി മേഖലയ്ക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.