കേരള മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥനായ സന്ദീപിനെതിരെ രൂക്ഷമായ ഭീഷണിയുമായി കോൺഗ്രസ് സൈബർ വിഭാഗം രംഗത്ത്. നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചു എന്ന് ആരോപിക്കപ്പെടുന്ന സുരക്ഷാ സംഘത്തിൽ ഉൾപ്പെട്ട വ്യക്തിയാണ് സന്ദീപ്.
കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് അരുൺ രാജേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെയാണ് സന്ദീപിനെതിരെ സോഷ്യൽ മീഡിയയിൽ ഭീഷണി സന്ദേശങ്ങൾ പ്രചരിക്കാൻ തുടങ്ങിയത്. "ഭരണം കിട്ടിയാൽ കൈകാര്യം ചെയ്യും" എന്ന തരത്തിലുള്ള കുറിപ്പുകൾക്കൊപ്പം സന്ദീപിന്റെ ചിത്രവും സൈബർ ഗ്രൂപ്പുകളിൽ ഷെയർ ചെയ്യപ്പെടുന്നുണ്ട്. അന്ന് നടന്ന ലാത്തിച്ചാർജിന് നേതൃത്വം നൽകിയത് സന്ദീപ് അടക്കമുള്ള ഉദ്യോഗസ്ഥരാണെന്ന് കോൺഗ്രസ് ആരോപിക്കുന്നു.
നവകേരള യാത്രയ്ക്കിടെയുണ്ടായ മർദ്ദനത്തെ 'രക്ഷാപ്രവർത്തനം' എന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചത് അന്ന് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇപ്പോൾ സന്ദീപിനെ ലക്ഷ്യമിട്ടുള്ള സൈബർ ആക്രമണവും ഭീഷണിയും രാഷ്ട്രീയ വൃത്തങ്ങളിൽ പുതിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്. ഉദ്യോഗസ്ഥനെതിരെയുള്ള വ്യക്തിപരമായ ഭീഷണികൾക്കെതിരെ നടപടി വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.