Share this Article
News Malayalam 24x7
സംസ്ഥാനത്ത് ഉഷ്ണതരംഗം: മാളങ്ങളിൽ നിന്ന് പാമ്പുകൾ പുറത്തേക്ക്; കടിയേൽക്കുന്നവരുടെ എണ്ണത്തിൽ വൻ വർധന
Kerala Snakebite Alert

സംസ്ഥാനത്ത് വേനൽച്ചൂട് റെക്കോർഡ് നിലവാരത്തിലേക്ക് ഉയർന്നതോടെ പാമ്പുകടിയേൽക്കുന്നവരുടെ എണ്ണത്തിൽ ആശങ്കാജനകമായ വർധനവ്. കഴിഞ്ഞ ദിവസം മാത്രം ഇടുക്കിയിലും കണ്ണൂരിലും പാമ്പുകടിയേറ്റ് ഓരോ മരണങ്ങൾ റിപ്പോർട്ട് ചെയ്തു. തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് മാത്രം കഴിഞ്ഞ ദിവസം അഞ്ചുപേർക്കാണ് പാമ്പുകടിയേറ്റത്. എറണാകുളം ചെറായിയിൽ ഒരു വിനോദസഞ്ചാരിക്കും പാമ്പുകടിയേറ്റതായി റിപ്പോർട്ടുകളുണ്ട്.

അന്തരീക്ഷ താപനില ക്രമാതീതമായി വർധിച്ചതോടെ മാളങ്ങൾക്കുള്ളിലെ ചൂട് സഹിക്കാനാവാതെ പാമ്പുകൾ തണുപ്പുള്ള ഇടങ്ങൾ തേടി പുറത്തിറങ്ങുന്നതാണ് അപകടങ്ങൾ വർധിക്കാൻ പ്രധാന കാരണം. വീടുകൾക്കുള്ളിലും തോട്ടങ്ങളിലും പാമ്പുകളുടെ സാന്നിധ്യം സജീവമായിട്ടുണ്ട്.


പാമ്പുകടി കേസുകൾ വർധിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. താലൂക്ക് ആശുപത്രികൾ മുതൽ മെഡിക്കൽ കോളേജുകൾ വരെ പാമ്പുകടിക്കുള്ള മരുന്നായ 'ആന്റി സ്നേക്ക് വെനം' (ASV) ലഭ്യമാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. മതിയായ ചികിത്സാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി സർക്കാർ അറിയിച്ചു.


ആശുപത്രികളിൽ ചികിത്സാ സൗകര്യങ്ങൾ ഒരുക്കിയെന്ന് സർക്കാർ അവകാശപ്പെടുമ്പോഴും വലിയ രീതിയിലുള്ള ആക്ഷേപങ്ങളും ഉയരുന്നുണ്ട്. മിക്ക ആശുപത്രികളിലും ആവശ്യമായ മരുന്നുകൾ ലഭ്യമാണെങ്കിലും വിദഗ്ധ ചികിത്സ നൽകാൻ ആവശ്യത്തിന് ഡോക്ടർമാരില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു. പാമ്പുകടിയേറ്റവർക്ക് നൽകേണ്ട അടിയന്തര ചികിത്സയിൽ കാലതാമസം ഉണ്ടാകുന്നത് മരണസാധ്യത വർധിപ്പിക്കുന്നുവെന്ന പരാതി ഉയരുന്നുണ്ട്.


പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വീടിന് ചുറ്റുമുള്ള പരിസരം വൃത്തിയായി സൂക്ഷിക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു. രാത്രികാലങ്ങളിൽ വെളിച്ചമില്ലാതെ നടക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories