മഹാരാഷ്ട്രയിലെ നാസിക്കിൽ 15 കോടി രൂപയുടെ കവർച്ച നടത്തിയ കേസിലെ പ്രതിയെ ഇടുക്കി ജില്ലാ പൊലീസ് പിടികൂടി. പാലക്കാട് പുതുപ്പരിയാരം സ്വദേശി ജോർജ്ജാണ് അറസ്റ്റിലായത്.
മഹാരാഷ്ട്രയിലെ നാസിക് ജില്ലയിൽ വൻ കവർച്ച നടത്തിയ ശേഷം ജോർജ്ജ് ഇടുക്കിയിലെ വാഗമൺ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒളിവിൽ കഴിയുകയായിരുന്നു. രഹസ്യവിവരത്തെത്തുടർന്ന് നാസിക്കിൽ നിന്നുള്ള രണ്ട് പൊലീസ് ഉദ്യോഗസ്ഥരും ഇടുക്കി ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള എൽ.പി. സ്ക്വാഡും ചേർന്നാണ് ഇയാളെ വലയിലാക്കിയത്. പുളിക്കാനത്തുള്ള ഒരു റിസോർട്ടിൽ നിന്നാണ് പ്രതിയെ പോലീസ് സംഘം പിടികൂടിയത്.
ജോർജ്ജിനെതിരെ മുൻപും നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. പാലക്കാട് കള്ളിക്കാട് പൊലീസ് സ്റ്റേഷനിലും തമിഴ്‌നാട്ടിലെ ഈറോഡ് ചിത്തോട് പൊലീസ് സ്റ്റേഷനിലുമായി മൂന്ന് മോഷണക്കേസുകൾ ഇയാൾക്കെതിരെയുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ മഹാരാഷ്ട്ര പൊലീസിന് കൈമാറുന്നതിനുള്ള നടപടികൾ പോലീസ് ആരംഭിച്ചിട്ടുണ്ട്.