കോഴിക്കോട് സ്വദേശി ദീപക്കിന്റെ ആത്മഹത്യക്ക് കാരണമായ ബസ് അതിക്രമ വീഡിയോ വിവാദത്തിൽ പ്രതിയായ ഷിംജിത മുസ്തഫക്കെതിരെ പോലീസിൽ പുതിയ പരാതി. ഷിംജിത വീഡിയോ ചിത്രീകരിച്ച ബസ്സിൽ ഉണ്ടായിരുന്ന ഒരു യുവതിയാണ് ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ പോലീസിനെ സമീപിച്ചത്.
വീഡിയോയിൽ തന്റെ മുഖം അനുവാദമില്ലാതെ അനാവശ്യമായി ചിത്രീകരിക്കുകയും അത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു എന്നാണ് പരാതിയിലെ പ്രധാന ആരോപണം. തൻ്റെ സ്വകാര്യത ലംഘിച്ചുവെന്നും യുവതി പരാതിയിൽ ചൂണ്ടിക്കാട്ടി. ഈ വീഡിയോയിൽ നിന്നും തൻ്റെ ദൃശ്യങ്ങൾ അടിയന്തരമായി നീക്കം ചെയ്യണമെന്നും യുവതി ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, ഷിംജിതക്കെതിരെ ലഭിച്ച ഈ പുതിയ പരാതിയുടെ വിശദാംശങ്ങൾ അറിയുന്നതിനായി ദീപക്കിന്റെ കുടുംബം പൊലീസിന് വിവരാവകാശ അപേക്ഷ നൽകിയിട്ടുണ്ട്. ദീപക്കിന്റെ മരണവുമായി ബന്ധപ്പെട്ട് ഷിംജിതക്കെതിരെ നേരത്തെ തന്നെ പ്രതിഷേധങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ പുതിയ പരാതി കേസിൻ്റെ ഗൗരവം വർദ്ധിപ്പിക്കുകയാണ്.പൊലീസ് വിഷയത്തിൽ നിയമോപദേശം തേടിയ ശേഷം തുടർനടപടികൾ സ്വീകരിക്കും.