Share this Article
News Malayalam 24x7
ഡോണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പിന് മറുപടിയുമായി ഇറാന്‍
Iran Responds to Donald Trump's Warning Amid Growing Tensions

ഇറാനിൽ ഭരണകൂടത്തിനെതിരെ നടന്നുവരുന്ന പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ നടപടിക്കെതിരെ രൂക്ഷ പ്രതികരണവുമായി ഇറാൻ രംഗത്ത്. ഇറാൻ്റെ ആഭ്യന്തര കാര്യങ്ങളിലുള്ള യു.എസ് ഇടപെടൽ മേഖലയിലുടനീളം അശാന്തിക്കും കുഴപ്പങ്ങൾക്കും കാരണമാകുമെന്ന് ഇറാൻ്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി മുന്നറിയിപ്പ് നൽകി.


ഇറാനിൽ വിലക്കയറ്റത്തിനെതിരെ പ്രതിഷേധിക്കുന്നവർക്ക് നേരെ അക്രമമോ വെടിവെപ്പോ ഉണ്ടായാൽ യു.എസ് അവരുടെ രക്ഷയ്ക്കെത്തുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം എക്സിലൂടെ (ട്വിറ്റർ) വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇറാൻ്റെ ഔദ്യോഗിക പ്രതികരണം വരുന്നത്. പ്രതിഷേധങ്ങൾക്ക് പിന്നിൽ അമേരിക്കയുടെ ഗൂഢാലോചനയുണ്ടെന്നും, ഇത്തരം നീക്കങ്ങൾ അമേരിക്കയുടെ തന്നെ താൽപ്പര്യങ്ങൾക്ക് വിഘാതമാകുമെന്നും ലാരിജാനി കുറ്റപ്പെടുത്തി.

പാശ്ചാത്യ ഉപരോധങ്ങളെത്തുടർന്ന് ഇറാൻ്റെ കറൻസി മൂല്യം കുത്തനെ ഇടിഞ്ഞതും ഭക്ഷ്യസാധനങ്ങൾക്കും വീട്ടുപകരണങ്ങൾക്കും വില വർദ്ധിച്ചതുമാണ് നിലവിലെ പ്രതിഷേധങ്ങൾക്ക് തുടക്കമിട്ടത്. കടകളടച്ച് വ്യാപാരികൾ ആരംഭിച്ച സമരം പിന്നീട് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള പൊതുജനങ്ങൾ ഏറ്റെടുക്കുകയായിരുന്നു. രാജ്യമൊട്ടാകെ പ്രതിഷേധം പടരുന്ന സാഹചര്യത്തിലാണ് ട്രംപിൻ്റെ പ്രസ്താവന വന്നിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories