കരൂർ ആൾക്കൂട്ട ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ തമിഴ് വെട്രി കഴകം (TVK) അധ്യക്ഷനും നടനുമായ വിജയിയെ സിബിഐ ഇന്ന് ചോദ്യം ചെയ്തു. ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് വെച്ച് നടന്ന രണ്ടാം ഘട്ട ചോദ്യം ചെയ്യൽ ആറര മണിക്കൂർ നീണ്ടുനിന്നു. ചോദ്യം ചെയ്യലിന് ശേഷം അദ്ദേഹത്തെ വിട്ടയച്ചു.
ഈ മാസം 12-ന് നടന്ന ആദ്യഘട്ട ചോദ്യം ചെയ്യലിന് പിന്നാലെയാണ് സിബിഐ വീണ്ടും വിജയിയെ വിളിച്ചുവരുത്തിയത്. കഴിഞ്ഞ തവണ നൽകിയ ചില മൊഴികളിൽ കൂടുതൽ വ്യക്തത ആവശ്യമാണെന്ന് സിബിഐ ഉദ്യോഗസ്ഥർ അറിയിച്ചതിനെത്തുടർന്നാണ് നടപടി. പൊങ്കലിന് ശേഷമാണ് ഇന്ന് രാവിലെ 11 മണിക്ക് ഹാജരാകാൻ നിർദ്ദേശിച്ച് വിജയിക്ക് സമൻസ് നൽകിയത്.
2025 സെപ്റ്റംബറിൽ നടന്ന കരൂർ ദുരന്തത്തിൽ വലിയ രീതിയിലുള്ള ഗൂഢാലോചന ഉണ്ടെന്ന് ആരോപിച്ച് വിജയ് തന്നെയാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നത്. ഇതിനെത്തുടർന്നാണ് കേസ് സുപ്രീം കോടതി സിബിഐക്ക് വിട്ടത്. കഴിഞ്ഞ തവണത്തെ ചോദ്യം ചെയ്യലിൽ 90 ചോദ്യങ്ങൾ അടങ്ങിയ ബുക്ക്‌ലെറ്റ് സിബിഐ വിജയിക്ക് നൽകിയിരുന്നു. ഉത്തരങ്ങൾ ഇംഗ്ലീഷിൽ രേഖപ്പെടുത്തുന്നതിനായി അദ്ദേഹത്തിന് പ്രത്യേക സഹായവും ലഭ്യമാക്കിയിരുന്നു.
വിജയ് സിബിഐ ആസ്ഥാനത്ത് എത്തിയതിനെത്തുടർന്ന് ഡൽഹിയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്. വിജയ് ഇപ്പോൾ നൽകിയിരിക്കുന്ന മൊഴികളുടെ അടിസ്ഥാനത്തിലായിരിക്കും സിബിഐ ഇനി ഈ കേസിൽ തുടർ നടപടികളിലേക്ക് കടക്കുക. കൂടുതൽ വ്യക്തത വരുത്തുന്നതിനായി ആവശ്യമെങ്കിൽ വിജയിയെ വീണ്ടും വിളിച്ചുവരുത്തിയേക്കും.