ബസ്സിൽ വെച്ച് ലൈംഗിക അതിക്രമം നടത്തിയെന്ന് ആരോപിച്ച് വീഡിയോ പ്രചരിപ്പിച്ചതിനെത്തുടർന്ന് കോഴിക്കോട് സ്വദേശിയായ ദീപക് എന്ന യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ മെൻസ് അസോസിയേഷൻ ഹൈക്കോടതിയെ സമീപിച്ചു. കേസിലെ പ്രതിയായ കോഴിക്കോട് വടകര സ്വദേശി ഷിംജിത മുസ്തഫയ്‌ക്കെതിരെ ഉടൻ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കണമെന്നാണ് അസോസിയേഷന്റെ പ്രധാന ആവശ്യം.
പ്രതിയായ യുവതിയെ സംരക്ഷിക്കാൻ പൊലീസ് ശ്രമിക്കുന്നുണ്ടെന്ന് മെൻസ് അസോസിയേഷൻ ഹൈക്കോടതിയിൽ ആരോപിച്ചു. ഈ സാഹചര്യത്തിൽ കേസ് സിബിഐയോ മറ്റ് അനുബന്ധ ഏജൻസികളോ അന്വേഷിക്കണമെന്നും അസോസിയേഷൻ കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ബസ്സിൽ വെച്ച് ദീപക് തന്നോട് മോശമായി പെരുമാറി എന്നാരോപിച്ച് ഷിംജിത വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിനെത്തുടർന്നാണ് ദീപക് ആത്മഹത്യ ചെയ്തത്. നിലവിൽ പ്രതിയായ ഷിംജിത മുസ്തഫ സംസ്ഥാനം വിട്ട് കർണാടകയിലെ മംഗളൂരുവിലേക്ക് കടന്നതായും മുൻകൂർ ജാമ്യത്തിനായി ശ്രമിക്കുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
യുവാവിൻ്റെ മരണത്തെത്തുടർന്ന് വലിയ പ്രതിഷേധം നിലനിൽക്കുന്ന സാഹചര്യത്തിലാണ് മെൻസ് അസോസിയേഷൻ നിയമനടപടികളുമായി മുന്നോട്ട് പോകുന്നത്. കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും.