Share this Article
News Malayalam 24x7
ബസ് യാത്രക്കാരൻ്റെ ആത്മഹത്യ: പ്രതി ഷിംജിത മുസ്തഫ സംസ്ഥാനം വിട്ടു
shamjitha

ബസ്സിൽ വെച്ച് ലൈംഗിക അതിക്രമം നടത്തിയെന്ന് ആരോപിച്ച് വീഡിയോ പ്രചരിപ്പിച്ചതിനെത്തുടർന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തിലെ പ്രതിയായ ഷിംജിത മുസ്തഫ സംസ്ഥാനം വിട്ടതായി സൂചന. കോഴിക്കോട് വടകര സ്വദേശിയായ ഇവർ കർണാടകയിലെ മംഗളൂരുവിലേക്ക് കടന്നതായാണ് പോലീസിന് ലഭിച്ച വിവരം. ഒളിവിൽ കഴിയുന്നതിനിടെ ഇവർ മുൻകൂർ ജാമ്യത്തിനായി ശ്രമം ആരംഭിച്ചതായും വിവരമുണ്ട്.

പ്രതിയെ കണ്ടെത്താൻ വൈകുന്ന സാഹചര്യത്തിൽ ഷിംജിതക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് തീരുമാനിച്ചു. കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയായ ദീപക് കഴിഞ്ഞ ഞായറാഴ്ചയാണ് ആത്മഹത്യ ചെയ്തത്. യുവതി പ്രചരിപ്പിച്ച വീഡിയോ സമൂഹമധ്യത്തിൽ അപമാനിച്ചതിൽ മനംനൊന്താണ് യുവാവ് ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചിരുന്നു.


കുടുംബത്തിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ, ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പ് (സെക്ഷൻ 108) പ്രകാരമാണ് ഷിംജിതക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. യുവതി മനപ്പൂർവ്വം വീഡിയോ ചിത്രീകരിച്ച് ദീപക്കിനെ അപമാനിക്കുകയായിരുന്നുവെന്ന് കാട്ടി കുടുംബം ജില്ലാ കളക്ടർക്കും സിറ്റി പൊലീസ് കമ്മീഷണർക്കും പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.


ഈ കേസിലെ സുപ്രധാന തെളിവായ ഷിംജിതയുടെ മൊബൈൽ ഫോൺ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പ്രചരിപ്പിക്കപ്പെട്ട വീഡിയോയിൽ എന്തെങ്കിലും തരത്തിലുള്ള എഡിറ്റിംഗോ കൃത്രിമമോ നടന്നിട്ടുണ്ടോ എന്ന് ശാസ്ത്രീയമായി പരിശോധിക്കേണ്ടതുണ്ട്. ഷിംജിതയെ അറസ്റ്റ് ചെയ്തതിന് ശേഷം മാത്രമേ ഫോൺ കണ്ടെടുക്കാനും കൂടുതൽ അന്വേഷണം നടത്താനും സാധിക്കൂ.


കഴിഞ്ഞ വെള്ളിയാഴ്ച യുവതിയുടെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഇവർ ഒളിവിൽ പോയത്. സംഭവദിവസം ബസ്സിലുണ്ടായിരുന്ന ജീവനക്കാരുടെ മൊഴി പൊലീസ് ഇതിനോടകം രേഖപ്പെടുത്തിയിട്ടുണ്ട്. സിറ്റി പൊലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം മെഡിക്കൽ കോളേജ് പോലീസാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories