Share this Article
News Malayalam 24x7
ശബരിമല സ്വർണകവർച്ച; ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴി പുറത്ത്
Sabarimala Gold Robbery

ശബരിമല സ്വർണകവർച്ച കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ നിർണായകമായ മൊഴി പുറത്തുവന്നു. രാഷ്ട്രീയക്കാർക്കും ദേവസ്വം ഉദ്യോഗസ്ഥർക്കും താൻ വിലപിടിപ്പുള്ള സമ്മാനങ്ങൾ നൽകിയിട്ടുണ്ടെന്നാണ് ജയിലിൽ കഴിയുന്ന ഉണ്ണികൃഷ്ണൻ പോറ്റി പ്രത്യേക അന്വേഷണ സംഘത്തോട് (SIT) വെളിപ്പെടുത്തിയിരിക്കുന്നത്.

ബാഗുകൾ, വിളക്കുകൾ തുടങ്ങി വൈവിധ്യമാർന്ന നിരവധി സമ്മാനങ്ങളാണ് ഇത്തരത്തിൽ ഉന്നതർക്ക് നൽകിയതെന്ന് മൊഴിയിൽ പറയുന്നു. ഉണ്ണികൃഷ്ണൻ പോറ്റി നേരത്തെ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, സമ്മാനങ്ങൾ കൈപ്പറ്റിയവരുടെ ഒരു പട്ടിക എസ്ഐടി തയ്യാറാക്കിയിട്ടുണ്ട്. ഇവരുടെയെല്ലാം മൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ അടുത്ത നീക്കം. കേസ് ഇതോടെ കൂടുതൽ ഉന്നതരായ വ്യക്തികളിലേക്ക് നീങ്ങുമെന്നാണ് സൂചന.


എന്തിനുവേണ്ടിയാണ് ഇത്തരത്തിൽ സമ്മാനങ്ങൾ നൽകിയത് എന്നതിനെക്കുറിച്ച് അന്വേഷണസംഘം ഗൗരവകരമായി പരിശോധിക്കുന്നുണ്ട്. സ്വന്തം ആവശ്യങ്ങൾക്കായി ആളുകളെ പ്രയോജനപ്പെടുത്താനും സ്വാധീനിക്കാനുമാണോ ഈ സമ്മാനങ്ങൾ നൽകിയതെന്ന് എസ്.ഐ.ടി സംശയിക്കുന്നു. പ്രധാനമായും 2019 കാലഘട്ടത്തിലാണോ ഈ കൈമാറ്റങ്ങൾ നടന്നതെന്ന കാര്യത്തിൽ അന്വേഷണസംഘം വ്യക്തത തേടുന്നുണ്ട്. കവർച്ച നടന്ന സമയത്തുതന്നെയാണോ ഈ സ്വാധീനിക്കൽ ശ്രമങ്ങൾ നടന്നതെന്നത് കേസിൽ നിർണായകമാകും.


കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) കൂടി ഇടപെടാനുള്ള സാധ്യത സജീവമായി. ഉണ്ണികൃഷ്ണൻ പോറ്റിയുടെ സ്വത്തുക്കളെക്കുറിച്ച് അന്വേഷിക്കണമെന്ന നിലപാടിലാണ് ഇ.ഡി. സമ്മാനങ്ങൾ കൈപ്പറ്റിയവരിൽ നിന്ന് ഇ.ഡിയും മൊഴിയെടുക്കാൻ സാധ്യതയുണ്ട്. ഒന്നാം പ്രതിയുടെ പുതിയ മൊഴി പുറത്തുവന്നതോടെ ശബരിമല സ്വർണകവർച്ച കേസ് പുതിയ വഴിത്തിരിവിലേക്ക് കടന്നിരിക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories