രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന തൊണ്ടിമുതൽ തിരിമറി കേസിൽ മുൻ മന്ത്രിയും എം.എൽ.എയുമായ ആന്റണി രാജുവിനെതിരെയുള്ള വിധി ഇന്ന് പുറപ്പെടുവിക്കും. നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയാണ് കേസിൽ വിധി പറയുന്നത്. പത്തുമാസം നീണ്ടുനിന്ന വിചാരണ നടപടികൾക്ക് ശേഷമാണ് കോടതി നിർണ്ണായകമായ വിധി പ്രഖ്യാപനത്തിലേക്ക് കടക്കുന്നത്.
1990-ൽ നടന്ന ഒരു ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ടാണ് വിവാദമായ ഈ സംഭവം അരങ്ങേറുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിൽ ലഹരിമരുന്നുമായി പിടിയിലായ വിദേശി പൗരനെ രക്ഷപ്പെടുത്താൻ വേണ്ടി, അഭിഭാഷകനായിരുന്ന ആന്റണി രാജു കോടതിയിലെ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം കാണിച്ചു എന്നാണ് പ്രോസിക്യൂഷൻ കേസ്. വസ്ത്രത്തിന്റെ അളവിൽ മാറ്റം വരുത്തിയതിനെ തുടർന്ന് കോടതി വിദേശിയെ വെറുതെ വിട്ടിരുന്നു.
പിന്നീട് മറ്റൊരു കേസിൽ ജയിലിലായ ഈ വിദേശി സഹതടവുകാരനോട് വെളിപ്പെടുത്തിയ വിവരങ്ങളാണ് കേസിൽ നിർണ്ണായകമായത്. തുടർന്ന് 1994-ൽ കേസ് രജിസ്റ്റർ ചെയ്യുകയും 13 വർഷങ്ങൾക്ക് ശേഷം കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു .
ഗൂഢാലോചന, ഔദ്യോഗിക രേഖകളിൽ കൃത്രിമം കാണിക്കൽ, വഞ്ചന, തെളിവ് നശിപ്പിക്കൽ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് ആന്റണി രാജുവിനെതിരെ ചുമത്തിയിരിക്കുന്നത്. ഈ കേസിൽ കോടതി ജീവനക്കാരനായിരുന്ന ജോസാണ് ഒന്നാം പ്രതി. ആന്റണി രാജു രണ്ടാം പ്രതിയുമാണ്. ഏകദേശം 30 വർഷത്തിലധികം നീണ്ട നിയമനടപടികൾക്ക് ശേഷമാണ് ഇന്ന് കേസിൽ അന്തിമ വിധി വരുന്നത്.