Share this Article
News Malayalam 24x7
മാങ്കൂട്ടത്തിലിനെതിരെ വീണ്ടും കുരുക്ക്, കുടുംബജീവിതം തകർത്തെന്ന് പരാതിക്കാരിയുടെ ഭർത്താവ്
Rahul Mamkootathil

രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്ക് എതിരെ പുതിയ വെളിപ്പെടുത്തലുകളും പരാതിയുമായി യുവതിയുടെ ഭർത്താവ് രംഗത്തെത്തിയിരിക്കുന്നത് അദ്ദേഹത്തിന് വലിയ തിരിച്ചടിയായിരിക്കുകയാണ്. തന്റെ കുടുംബജീവിതം രാഹുൽ മാങ്കൂട്ടത്തിൽ തകർത്തുവെന്ന് ആരോപിച്ച് മുഖ്യമന്ത്രിയ്ക്കും ഡി.ജി.പിയ്ക്കും ഇമെയിൽ വഴിയാണ് ഇദ്ദേഹം പരാതി നൽകിയിരിക്കുന്നത്. താനും ഭാര്യയും തമ്മിൽ ചില പിണക്കങ്ങൾ ഉണ്ടായിരുന്ന സമയം രാഹുൽ മാങ്കൂട്ടത്തിൽ മുതലെടുത്തുവെന്നും ഇത് തന്റെ കുടുംബത്തിന്റെ തകർച്ചയ്ക്ക് കാരണമായെന്നും പരാതിയിൽ പറയുന്നു. രാഹുലിന് തന്റെ ഭാര്യയുമായുള്ള ബന്ധത്തെക്കുറിച്ച് തനിക്ക് യാതൊരു അറിവും ഇല്ലായിരുന്നുവെന്നും വാർത്തകളിലൂടെയും സോഷ്യൽ മീഡിയയിൽ പ്രചരിച്ച ശബ്ദരേഖകളിലൂടെയുമാണ് താൻ വിവരങ്ങൾ അറിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

നേരത്തെ രാഹുൽ മാങ്കൂട്ടത്തിൽ തന്നെ പീഡിപ്പിച്ചുവെന്നും നിർബന്ധിത ഗർഭച്ഛിദ്രത്തിന് ഇരയാക്കിയെന്നും കാട്ടി യുവതി പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ രാഹുൽ യുവതിയെ ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള ഓഡിയോ ക്ലിപ്പുകളും പുറത്തുവന്നിരുന്നു. കൊല്ലുമെന്ന് ഉൾപ്പെടെയുള്ള ഭീഷണികൾ അടങ്ങിയ ഈ ശബ്ദരേഖകൾ വലിയ രാഷ്ട്രീയ വിവാദങ്ങൾക്കാണ് വഴിവെച്ചത്. തിരഞ്ഞെടുപ്പ് കാലത്തെ സീറ്റ് ചർച്ചകൾക്കിടയിൽ ഉയരുന്ന ഇത്തരം ഗുരുതര ആരോപണങ്ങൾ എം.എൽ.എയ്ക്ക് വലിയ കുരുക്കായിരിക്കുകയാണ്. കേസിൽ നിലവിൽ രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞിട്ടുണ്ടെങ്കിലും പുതിയ പരാതി കൂടി എത്തിയതോടെ സാഹചര്യം മാറാൻ സാധ്യതയുണ്ട്. തന്റെ കൈവശം കൂടുതൽ തെളിവുകളുണ്ടെന്നും അവ ഏത് സമയത്തും ഹാജരാക്കാൻ തയ്യാറാണെന്നും ഭർത്താവ് അറിയിച്ചു. യുവതിയുടെ ഭർത്താവ് കൂടി രാഹുലിനെതിരെ രംഗത്തെത്തിയതോടെ കേസ് പുതിയ ഗൗരവകരമായ തലത്തിലേക്ക് കടന്നിരിക്കുകയാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories