ശബരിമല സ്വർണ്ണ കവർച്ച കേസിൽ അന്വേഷണം പൂർത്തിയാക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് (SIT) ഹൈക്കോടതി ആറാഴ്ച കൂടി സമയം അനുവദിച്ചു. ഈ മാസം 17-ന് അന്വേഷണം പൂർത്തിയാക്കാനായിരുന്നു നേരത്തെ നൽകിയിരുന്ന നിർദ്ദേശം. കേസിൽ ഇനിയും അന്വേഷണം നടത്തേണ്ടതുണ്ടെന്ന് എസ്.ഐ.ടി അറിയിച്ചതിനെ തുടർന്നാണ് കോടതിയുടെ നിർണ്ണായക ഇടപെടൽ.
നിലവിലെ അന്വേഷണ പുരോഗതിയിൽ ഹൈക്കോടതി തൃപ്തി രേഖപ്പെടുത്തി. കേസിലെ അന്വേഷണത്തിനായി പുതുതായി രണ്ട് സി.ഐമാരെ കൂടി ഉൾപ്പെടുത്താൻ ഹൈക്കോടതി അനുമതി നൽകി. ഈ മാസം 19-ന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ അന്വേഷണ സംഘം തങ്ങളുടെ നാലാം ഇടക്കാല റിപ്പോർട്ട് സമർപ്പിക്കും. ഡി. മണി വരെ എത്തിനിൽക്കുന്ന അന്വേഷണം ഇനിയും ഉന്നതരിലേക്ക് നീളേണ്ടതുണ്ടെന്നാണ് എസ്.ഐ.ടിയുടെ നിലപാട്. അടച്ചിട്ട മുറിയിലായിരുന്നു കോടതി നടപടികൾ നടന്നത്.
കേസുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം ബോർഡ് അംഗം ശങ്കർദാസ് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ഹൈക്കോടതി നടത്തിയ ചില പരാമർശങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ, മുൻ ദേവസ്വം ബോർഡ് അംഗം എന്ന നിലയിൽ ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടാൻ സാധിക്കില്ലെന്നും നിങ്ങൾക്കും ഇതിൽ പങ്കുണ്ടെന്നുമാണ് സുപ്രീം കോടതി നിരീക്ഷിച്ചത്. മുൻകൂർ ജാമ്യം ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെട്ട കോടതിയെ സമീപിക്കാനും സുപ്രീം കോടതി നിർദ്ദേശിച്ചു.
ശബരിമല സ്വർണ്ണ കവർച്ച കേസ് രാഷ്ട്രീയ കേരളത്തിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. കേസിലെ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധപ്പെട്ട ചിത്രങ്ങൾ പുറത്തുവന്നത് ഇരു മുന്നണികളെയും പ്രതിസന്ധിയിലാക്കി. ഇതിനോടകം തന്നെ കടകംപള്ളി സുരേന്ദ്രൻ, പത്മകുമാർ, പി.എസ്. പ്രശാന്ത് തുടങ്ങിയവരെ എസ്.ഐ.ടി ചോദ്യം ചെയ്ത വിവരം കോടതിയെ അറിയിച്ചിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ കൂടുതൽ പ്രമുഖർ കേസിൽ കുടുങ്ങാൻ സാധ്യതയുണ്ടെന്നാണ് സൂചനകൾ. കോടതി അനുവദിച്ച ഈ അധിക സമയം സത്യം പുറത്തുകൊണ്ടുവരാൻ എസ്.ഐ.ടിയെ സഹായിക്കുമെന്ന് കരുതപ്പെടുന്നു.