ശബരിമല സ്വർണക്കവർച്ചാ കേസിൽ റിമാൻഡിൽ കഴിയുന്ന മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിൻ്റെയും ബെല്ലാരിയിലെ സ്വർണ വ്യാപാരി ഗോവർധൻ്റെയും ജാമ്യഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തങ്ങൾ നിരപരാധികളാണെന്നും അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തലുകൾ പൂർണ്ണമായും നിഷേധിക്കുന്നുവെന്നുമാണ് ഇരുവരുടെയും പ്രധാന വാദം.
അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തലുകളെ പൂർണ്ണമായി നിഷേധിക്കുന്ന നിലപാടാണ് എ. പത്മകുമാർ ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യഹർജിയിൽ സ്വീകരിച്ചിരിക്കുന്നത്. ദേവസ്വം ബോർഡിൻ്റെ ഭരണപരമായ പദവിയിലിരുന്ന തനിക്ക് ശബരിമലയിലെ ജീവനക്കാരെ ജോലി സംബന്ധമായി നിയന്ത്രിക്കാനുള്ള ചുമതല മാത്രമാണുണ്ടായിരുന്നതെന്നും, താൻ ഒറ്റയ്ക്ക് ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും അദ്ദേഹം ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
താൻ നിരപരാധിയാണെന്നും ശബരിമലയ്ക്ക് വലിയ തോതിൽ സംഭാവനകൾ നൽകുന്ന വ്യക്തിയാണെന്നുമാണ് സ്വർണ വ്യാപാരിയായ ഗോവർധൻ്റെ വാദം. ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്ന് ലഭിച്ച 400 ഗ്രാമിലധികം സ്വർണം ശബരിമലയിലേതാണെന്ന് തിരിച്ചറിഞ്ഞപ്പോൾ തന്നെ 10 ലക്ഷം രൂപയുടെ മാല തിരികെ നൽകിയിട്ടുണ്ട്. കൂടാതെ, ക്ഷേത്രത്തിന് ഒന്നര കോടി രൂപ സംഭാവനയായി നൽകിയ തനിക്ക് ഇത്തരമൊരു തട്ടിപ്പ് നടത്തേണ്ട ആവശ്യമില്ലെന്നും അദ്ദേഹം ജാമ്യഹർജിയിൽ വ്യക്തമാക്കുന്നു.
കേസിൽ അന്വേഷണം തുടരുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തിന് (SIT) ഹൈക്കോടതി ആറാഴ്ചത്തെ സമയം കൂടി അനുവദിച്ചു. ഈ മാസം 19-ന് എസ്.ഐ.ടി ഹൈക്കോടതിയിൽ ഇടക്കാല റിപ്പോർട്ട് സമർപ്പിക്കും. അന്വേഷണം കൂടുതൽ കാര്യക്ഷമമാക്കുന്നതിൻ്റെ ഭാഗമായി സംഘത്തിൽ രണ്ട് ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്താൻ ഡിവിഷൻ ബെഞ്ച് അനുമതി നൽകിയിരുന്നു.
2025 സെപ്റ്റംബറിൽ ദ്വാരപാലകരിൽ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളിലും അന്വേഷണം ഉണ്ടാകുമെന്ന് എസ്.ഐ.ടി കോടതിയെ അറിയിച്ചിട്ടുണ്ട്. നിലവിലെ രണ്ട് കേസുകൾക്ക് പുറമെ ബാക്കിയുള്ള അന്വേഷണത്തിൽ ആരും രക്ഷപ്പെടില്ലെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കുകയും ചെയ്തു. പി.എസ്. പ്രശാന്തിലേക്കും അന്നത്തെ ഭരണസമിതിയിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്ന സൂചനകളും ഇതിനോടകം പുറത്തുവരുന്നുണ്ട്.