ബലാത്സംഗക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചാണ് ഹർജിയിൽ വാദം കേൾക്കുന്നത്. ഈ ജാമ്യാപേക്ഷയെ എതിർത്ത് കക്ഷി ചേരാനുള്ള അതിജീവിതയുടെ അപേക്ഷയും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.
യുവതിയെ ബലാത്സംഗം ചെയ്തെന്നും നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തിച്ചെന്നുമാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതി. നേരത്തെ പരാതിക്കാരുടെ വാദങ്ങൾ പരിഗണിച്ച് കീഴ്ക്കോടതി രാഹുലിന് ജാമ്യം നിഷേധിച്ചിരുന്നു. ഇതിനെത്തുടർന്നാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.
തങ്ങൾ തമ്മിലുള്ളത് പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമായിരുന്നുവെന്നും ഗർഭച്ഛിദ്രം നടത്തിച്ചു എന്നത് കെട്ടിച്ചമച്ച കഥയാണെന്നുമാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രധാന വാദം.
അതേസമയം, ഗർഭച്ഛിദ്രത്തിനായി രാഹുൽ നൽകിയ മരുന്ന് കഴിച്ചതിനെത്തുടർന്ന് യുവതി അതീവ ഗുരുതരാവസ്ഥയിലായെന്നും അതിനാൽ രാഹുലിന് ജാമ്യം അനുവദിക്കരുതെന്നുമാണ് പ്രോസിക്യൂഷന്റെ പ്രധാന വാദം. പ്രോസിക്യൂഷൻ ജാമ്യാപേക്ഷയെ ശക്തമായി എതിർക്കും.
കൂടാതെ, ഹർജിയിൽ തീരുമാനമെടുക്കുന്നതിന് മുൻപ് തന്റെ ഭാഗം കൂടി കേൾക്കണമെന്ന് ആവശ്യപ്പെട്ടാണ് അതിജീവിത കോടതിയെ സമീപിച്ചിരിക്കുന്നത്. തനിക്ക് നേരെ വലിയ തോതിലുള്ള സൈബർ ആക്രമണം നടക്കുന്നുണ്ടെന്നും അവർ പരാതിയിൽ വ്യക്തമാക്കുന്നു.
നിലവിൽ ഈ ജാമ്യഹർജിയിൽ അന്തിമ തീരുമാനം വരുന്നത് വരെ രാഹുലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്. കേസിൽ ഇന്നുണ്ടാകുന്ന കോടതി തീരുമാനം രാഹുൽ മാങ്കൂട്ടത്തിലിനെ സംബന്ധിച്ച് ഏറെ നിർണായകമാണ്.