Share this Article
News Malayalam 24x7
പാര്‍ലമെന്റ് ബജറ്റ് സമ്മേളനം; ജനുവരി 28 മുതല്‍ ഏപ്രില്‍ 2 വരെ
nirmala sitharaman

2026-27 സാമ്പത്തിക വർഷത്തേക്കുള്ള പാർലമെന്റ് ബജറ്റ് സമ്മേളനം ജനുവരി 28 മുതൽ ഏപ്രിൽ 2 വരെ രണ്ട് ഘട്ടങ്ങളിലായി നടക്കും. കേന്ദ്ര പാർലമെന്ററി കാര്യമന്ത്രി കിരൺ റിജു ശുപാർശ ചെയ്ത തീയതികൾക്ക് രാഷ്ട്രപതി അംഗീകാരം നൽകി. ഇത്തവണ ഫെബ്രുവരി ഒന്നിന് ഞായറാഴ്ചയാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുക എന്ന പ്രത്യേകതയുണ്ട്.

സമ്മേളനം ജനുവരി 28-ന് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിക്കുന്ന ആദ്യ ഘട്ടം ഫെബ്രുവരി 13 വരെ നീണ്ടുനിൽക്കും. ബജറ്റ് അവതരണത്തിന് മുന്നോടിയായി ജനുവരി 29-ന് ചീഫ് എക്കണോമിക് ഓഫീസർ അനന്ത നാഗേശ്വരൻ രാജ്യത്തിന്റെ സാമ്പത്തിക സർവേ പാർലമെന്റിൽ സമർപ്പിക്കും. ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം മാർച്ച് 9-ന് ആരംഭിക്കുന്ന രണ്ടാം ഘട്ടം ഏപ്രിൽ 2-ന് അവസാനിക്കും.


തുടർച്ചയായി ഒൻപത് ബജറ്റുകൾ അവതരിപ്പിക്കുന്ന ആദ്യ കേന്ദ്ര ധനമന്ത്രി എന്ന വൻ ചരിത്രനേട്ടത്തിന് ഈ ബജറ്റോടെ നിർമല സീതാരാമൻ ഉടമയാകും. മുൻപ് മൊറാർജി ദേശായി പത്ത് തവണ ബജറ്റ് അവതരിപ്പിച്ചിട്ടുണ്ടെങ്കിലും, അദ്ദേഹം തുടർച്ചയായി ഇത്രയധികം തവണ ബജറ്റ് അവതരിപ്പിച്ചിട്ടില്ല എന്ന പ്രത്യേകതയുണ്ട്. ഇടവേളകളില്ലാതെ ഒൻപതാം തവണയും ബജറ്റ് അവതരിപ്പിക്കുന്നതോടെ നിർമല സീതാരാമൻ ചരിത്രത്തിന്റെ ഭാഗമാകും.


കേരളം, തമിഴ്‌നാട്, അസം, ബംഗാൾ, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിൽ ഏപ്രിൽ-മെയ് മാസങ്ങളിലായി നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾ ഈ ബജറ്റിനെ രാഷ്ട്രീയമായി ഏറെ നിർണായകമാക്കുന്നു. ഈ സംസ്ഥാനങ്ങൾക്കുള്ള കേന്ദ്രവിഹിതവും പ്രത്യേക പദ്ധതികളും ബജറ്റിൽ എപ്രകാരം പ്രതിഫലിക്കുമെന്നത് രാഷ്ട്രീയ വൃത്തങ്ങൾ ഉറ്റുനോക്കുന്നു. കൂടാതെ, കേന്ദ്ര ജിഎസ്ടി കൗൺസിൽ സ്ലാബുകളിൽ വരുത്തിയ മാറ്റങ്ങൾ (18%, 5% എന്നിങ്ങനെ രണ്ട് സ്ലാബുകളാക്കിയത്) സാധനങ്ങളുടെ വിലനിലവാരത്തെ എങ്ങനെ സ്വാധീനിക്കുമെന്നും ബജറ്റിലൂടെ വ്യക്തമാകും.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories