നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അതിജീവിതയുടെ അഭിഭാഷക ടി.ബി. മിനിക്കെതിരെ രൂക്ഷമായ വിമർശനവുമായി വിചാരണക്കോടതി. വിചാരണാ നടപടികൾക്കിടയിൽ അഭിഭാഷകയുടെ സാന്നിധ്യവും പെരുമാറ്റവും ചൂണ്ടിക്കാട്ടിയാണ് കോടതി കടുത്ത പരാമർശങ്ങൾ നടത്തിയത്.
വിചാരണാ സമയത്ത് പത്ത് ദിവസത്തിൽ താഴെ മാത്രമാണ് അഭിഭാഷക കോടതിയിൽ എത്തിയതെന്നും, ഹാജരാകുന്ന ദിവസങ്ങളിൽ പോലും കേവലം അരമണിക്കൂർ മാത്രമാണ് അവർ കോടതിയിൽ ഉണ്ടാകാറുള്ളതെന്നും കോടതി നിരീക്ഷിച്ചു.
കോടതിയിൽ എത്തുന്ന സമയങ്ങളിൽ അഭിഭാഷക ഉറങ്ങുന്നത് പതിവാണെന്നും വിചാരണക്കോടതി വിമർശിച്ചു. "കോടതിയെ ഒരു വിശ്രമസ്ഥലമായാണ് അഭിഭാഷക കാണുന്നത്" എന്ന് കുറ്റപ്പെടുത്തിയ കോടതി, കോടതിക്കുള്ളിൽ കൃത്യമായി ഹാജരാകാതെ പുറത്തുപോയി കോടതിയെ വിമർശിക്കുന്ന നിലപാടിനെയും ചോദ്യം ചെയ്തു. കോടതി അലക്ഷ്യ ഹർജികൾ പരിഗണിക്കുന്നതിനിടയിലായിരുന്നു വിചാരണക്കോടതിയുടെ ഈ രൂക്ഷമായ ഇടപെടൽ.