എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ മൂന്നാം ബലാത്സംഗക്കേസിലെ ജാമ്യാപേക്ഷ തിരുവല്ല മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. നടപടിക്രമങ്ങൾ പാലിക്കാതെയാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന വാദം പ്രതിഭാഗം കോടതിയിൽ ഉന്നയിക്കും. അതേസമയം, പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും നിർണായക തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിക്കും.
രാത്രി ഹോട്ടലിൽ വെച്ച് നടത്തിയ അറസ്റ്റ് നിയമവിരുദ്ധമാണെന്നാണ് പ്രതിഭാഗത്തിന്റെ പ്രധാന വാദം. സമാനമായ രണ്ട് കേസുകളിൽ അറസ്റ്റ് തടഞ്ഞുള്ള ഉത്തരവുകൾ നിലനിൽക്കെയാണ് ഇപ്പോൾ നടപടിയുണ്ടായതെന്നും അവർ വാദിക്കും. കൂടാതെ, പരാതിക്കാരിയുടെ മൊഴിയെടുക്കാതെയും വൈദ്യപരിശോധന നടത്താതെയും എടുത്ത കേസ് കെട്ടിച്ചമച്ചതാണെന്നും പ്രതിഭാഗം ആരോപിക്കുന്നു. പുലർച്ചെ ഹോട്ടലിലെത്തി നടത്തിയ തെളിവെടുപ്പ് അടക്കമുള്ള കാര്യങ്ങൾ പ്രതിഭാഗം കോടതിയിൽ ചോദ്യം ചെയ്യും.
കഴിഞ്ഞ ദിവസം രാഹുലിന്റെ കസ്റ്റഡി കാലാവധി പൂർത്തിയായതിനെ തുടർന്ന് അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കി മാവേലിക്കര സബ് ജയിലിലേക്ക് മാറ്റിയിരുന്നു. ഇന്ന് അദ്ദേഹത്തെ കോടതിയിൽ നേരിട്ട് ഹാജരാക്കണമെന്ന് കഴിഞ്ഞ ദിവസം കോടതി നിർദ്ദേശിച്ചിരുന്നു.
പ്രതി അന്വേഷണത്തോടും ചോദ്യം ചെയ്യലിനോടും സഹകരിക്കുന്നില്ലെന്ന നിലപാടിലാകും പ്രോസിക്യൂഷൻ കോടതിയിൽ സ്വീകരിക്കുക. കേസിലെ നിർണായക തെളിവായ ലാപ്ടോപ്പ് കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിക്കും. പിടിച്ചെടുത്ത രണ്ട് മൊബൈൽ ഫോണുകളുടെ പാസ്‌വേഡ് നൽകാൻ രാഹുൽ തയ്യാറാകുന്നില്ലെന്നും അന്വേഷണ സംഘം ചൂണ്ടിക്കാട്ടും.രാഹുൽ സമാനമായ കുറ്റങ്ങൾ ആവർത്തിക്കുന്ന ആളാണെന്നും, അറസ്റ്റ് രേഖകളിൽ ഒപ്പിടാൻ പോലും തയ്യാറാകാത്ത ഇയാൾ നിയമവ്യവസ്ഥയെ മാനിക്കുന്നില്ലെന്നും വാദമുയർത്താൻ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.
പരാതിക്കാരിയുടെ മൊഴി പ്രകാരം നഗ്നദൃശ്യങ്ങൾ പകർത്തിയെന്ന് പറയുന്ന ലാപ്ടോപ്പിനായി അടൂരിലെ വീട്ടിലടക്കം പ്രത്യേക സംഘം പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. പത്തനംതിട്ടയിലെ ക്ലബ് സെവൻ ഹോട്ടലിൽ വെച്ച് കഴിഞ്ഞ ദിവസം പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.ഇന്ന് കേസിൽ വിശദമായ വാദം നടക്കുമെങ്കിലും ജാമ്യാപേക്ഷയിൽ വിധി ഇന്ന് ഉണ്ടായേക്കില്ലെന്നാണ് സൂചന.