Share this Article
News Malayalam 24x7
ശബരിമല സ്വര്‍ണക്കവര്‍ച്ച കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും
Sabarimala Gold Case

ശബരിമലയിലെ സ്വർണ കവർച്ചാ കേസിൽ നിർണായക വഴിത്തിരിവ്. കേസിന്റെ അന്വേഷണ പുരോഗതി റിപ്പോർട്ടും വി.എസ്.എസ്.സിയിൽ (VSSC) നടത്തിയ ശാസ്ത്രീയ പരിശോധനാ ഫലവും പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. ശബരിമലയിൽ സ്വർണക്കവർച്ച നടന്നിട്ടുണ്ട് എന്ന് സ്ഥിരീകരിക്കുന്ന വിവരങ്ങളാണ് റിപ്പോർട്ടിൽ ഉള്ളതെന്നാണ് സൂചന.

വിജയ് മല്യയുടെ യു.ബി ഗ്രൂപ്പ് 1998-ൽ നൽകിയ സ്വർണപ്പാളികളിൽ നിന്ന് ശേഖരിച്ച 15 സാമ്പിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. അറ്റകുറ്റപ്പണിക്ക് ശേഷം ഉണ്ണികൃഷ്ണൻ പോറ്റി തിരികെ കൊണ്ടുവന്ന പാളികളും പഴയ പാളികളും ഇതിൽ ഉൾപ്പെടുന്നു. പരിശോധനയിൽ സ്വർണ്ണത്തിന്റെ അളവിൽ കുറവ് കണ്ടെത്തിയിട്ടുണ്ട്. നിലവിലെ നിഗമനം അനുസരിച്ച് ഏകദേശം 400 ഗ്രാം സ്വർണം മോഷണം പോയിട്ടുണ്ട്. നിലവിലുള്ള സ്വർണപ്പാളികൾ വ്യാജമാണോ എന്ന കാര്യത്തിലും ഈ റിപ്പോർട്ടിലൂടെ വ്യക്തത വരുമെന്നാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്.


കേസുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. സ്വർണക്കവർച്ചാ ഗൂഢാലോചനയിൽ തന്ത്രിക്ക് പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ ആരോപണം. എന്നാൽ തനിക്ക് കേസിൽ യാതൊരു പങ്കുമില്ലെന്നാണ് തന്ത്രിയുടെ വാദം. കട്ടിളപ്പാളി കേസ്, ദ്വാരപാലക സ്വർണപ്പാളി കേസ് എന്നീ രണ്ട് കേസുകളിലാണ് നിലവിൽ തന്ത്രിയെ പ്രതിചേർത്തിട്ടുള്ളത്. തന്ത്രിയെ കൂടാതെ ശങ്കർദാസിനെയും കേസിൽ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.


2017-ലെ കൊടിമര നിർമ്മാണ വേളയിൽ കൊടിമരത്തിന് മുകളിലുണ്ടായിരുന്ന 'വാജിവാഹനം' തന്ത്രിക്ക് കൈമാറിയ സംഭവവും ഇപ്പോൾ അന്വേഷണ പരിധിയിൽ വന്നിട്ടുണ്ട്. പഴയ വസ്തുക്കൾ ക്ഷേത്രത്തിന്റെ സ്വത്താണെന്നും അവ മറ്റാർക്കും കൈമാറാൻ പാടില്ലെന്നുമുള്ള 2012-ലെ ദേവസ്വം ബോർഡ് ഉത്തരവിന് വിരുദ്ധമാണ് ഈ നടപടിയെന്ന് എസ്.ഐ.ടി വ്യക്തമാക്കുന്നു. എന്നാൽ പാരമ്പര്യ വിധിപ്രകാരമാണ് കൈമാറിയതെന്ന 2018-ലെ അഡ്വക്കേറ്റ് കമ്മീഷണർ റിപ്പോർട്ടും നിലവിലുണ്ട്. ഇക്കാര്യത്തിൽ കോടതിയുടെ നിർദ്ദേശാനുസരണമായിരിക്കും അന്വേഷണ സംഘം തുടർ നടപടികൾ സ്വീകരിക്കുക.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories