ന്യൂഡൽഹി: ഗുരുവായൂർ ദേവസ്വത്തിലെ നിയമനങ്ങളിൽ ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡിന്‍റെ അധികാരം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ ഹർജി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിനെതിരെയാണ് ഹർജി. ഉത്തരവ് സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. സുപ്രീംകോടതി അഭിഭാഷകൻ ജി പ്രകാശാണ് ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡിനായി ഹർജി സമർപ്പിച്ചത്. നിയമനത്തിനുള്ള നിലവിലെ വിജ്ഞാപനങ്ങൾ റദ്ദാക്കികൊണ്ടാണ് ഹൈക്കോടതി ഉത്തരവിട്ടത്.
നിയമനങ്ങളിൽ സുതാര്യത ഉറപ്പാക്കാൻ മൂന്നംഗ മേൽനോട്ട സമിതിയെയും ഹൈക്കോടതി നിയോഗിച്ചിരുന്നു. വിരമിച്ച ജസ്റ്റിസ് പിഎൻ രവീന്ദ്രൻ അധ്യക്ഷനായ സമിതിയിൽ അഡ്വ. കെആനന്ദ്, ദേവസ്വം അഡ്മിനിസ്ട്രേറ്റർ എന്നിവർ അംഗങ്ങളായാണ് സമിതി. നിയമന പ്രക്രിയയുടെ മേൽനോട്ടത്തിനും നിയന്ത്രണത്തിനുമായി രൂപീകരിച്ച പ്രത്യേക സമിതിയുടെ കാലാവധി ഒരു വർഷത്തേക്കായിരിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഈ നടപടി ചോദ്യം ചെയ്താണ് ഹർജി സുപ്രീംകോടതിയിൽ എത്തിയത്.