നിയമസഭയിലെ നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ബോധപൂർവ്വം മാറ്റങ്ങൾ വരുത്തിയതിനെതിരെ രൂക്ഷമായ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തിലെ പ്രധാനപ്പെട്ട ചില ഭാഗങ്ങൾ ഗവർണർ വായിക്കാതെ ഒഴിവാക്കിയത് അസാധാരണ നീക്കം എന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. ഗവർണർ ഒഴിവാക്കിയ ഭാഗങ്ങൾ മുഖ്യമന്ത്രി തന്നെ സഭയിൽ വായിക്കുന്ന സാഹചര്യമുണ്ടായി.
മന്ത്രിസഭ അംഗീകരിച്ച പ്രസംഗത്തിലെ 12, 15, 16 എന്നീ ഖണ്ഡികകളിലാണ് ഗവർണർ മാറ്റങ്ങൾ വരുത്തിയത്. യൂണിയൻ ഗവൺമെന്റിനെതിരായ വിമർശനങ്ങൾ ഉൾപ്പെട്ട ഖണ്ഡിക 12-ലെ ആദ്യ വാചകം ഗവർണർ വായിക്കാതെ വിട്ടു. "ധനകാര്യ ഫെഡറലിസത്തിന്റെ ഭരണഘടനാപരമായ തത്വങ്ങളെ ദുർബലപ്പെടുത്തുന്ന യൂണിയൻ ഗവൺമെന്റിന്റെ തുടർച്ചയായ പ്രതികൂല നടപടികളുടെ ഫലമായി കേരളം ഗുരുതരമായ സാമ്പത്തിക ഞെരുക്കം നേരിട്ടുകൊണ്ടിരിക്കുകയാണ്" എന്ന ഭാഗമാണ് ഗവർണർ ഒഴിവാക്കിയത്.
ഭരണഘടനയുടെ അനുച്ഛേദം 176 പ്രകാരം വർഷത്തിലെ ആദ്യ സമ്മേളനത്തിൽ ഗവർണർ നിയമസഭയെ അഭിസംബോധന ചെയ്യുമ്പോൾ ഗവൺമെന്റിന്റെ നയപ്രഖ്യാപനമാണ് നടത്തേണ്ടതെന്നും, അതിനാൽ മന്ത്രിസഭ അംഗീകരിച്ച ഭാഗങ്ങൾ അതേപടി നിലനിൽക്കുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സംസ്ഥാന നിയമസഭകൾ പാസാക്കിയ ബില്ലുകൾ ഗവർണർ ഒപ്പിടാതെ ദീർഘകാലമായി കെട്ടിക്കിടക്കുന്നതിനെക്കുറിച്ചുള്ള പരാമർശങ്ങളും പ്രസംഗത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടു. ബില്ലുകൾ കെട്ടിക്കിടക്കുന്ന വിഷയത്തിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചതും കോടതി അവ ഭരണഘടനാ ബെഞ്ചിന് റഫർ ചെയ്തതുമായ വിവരങ്ങളാണ് ഖണ്ഡിക 15-ൽ ഗവർണർ വായിക്കാതെ വിട്ടത്. ഭരണഘടനയുടെ അന്തസ്സത്തയ്ക്ക് വിരുദ്ധമായ ഇത്തരം നടപടികൾ സഭയുടെ ശ്രദ്ധയിൽപ്പെടുത്തുന്നതായും മുഖ്യമന്ത്രി പറഞ്ഞു.