ശബരിമല ദ്വാരപാലക സ്വർണപ്പാളി മോഷണക്കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും. അറസ്റ്റിലായി 90 ദിവസം പൂർത്തിയാക്കിയ സാഹചര്യത്തിൽ തനിക്ക് സ്വാഭാവിക ജാമ്യത്തിന് (Statutory Bail) അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഉണ്ണികൃഷ്ണൻ പോറ്റി കോടതിയെ സമീപിച്ചത്.
കഴിഞ്ഞ നവംബർ 17-നാണ് ദ്വാരപാലക സ്വർണപ്പാളി മോഷണക്കേസുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണൻ പോറ്റിയെ അറസ്റ്റ് ചെയ്തത്. നിലവിൽ ശബരിമല സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) വിപുലമായ അന്വേഷണം നടത്തിവരികയാണ്. സ്വർണപ്പാളികൾ വീണ്ടും ശാസ്ത്രീയമായി പരിശോധിക്കുന്നത് ഉൾപ്പെടെയുള്ള നിർണായക നടപടികളുമായി അന്വേഷണസംഘം മുന്നോട്ട് പോകുന്നതിനിടെയാണ് ഒന്നാം പ്രതിയുടെ ജാമ്യാപേക്ഷയിൽ ഇന്ന് കോടതി തീരുമാനം അറിയിക്കുന്നത്.
അതേസമയം, ഇതേ കേസിൽ അറസ്റ്റിലായ ശബരിമല തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യാപേക്ഷയും, അദ്ദേഹത്തെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന അന്വേഷണ സംഘത്തിന്റെ അപേക്ഷയും പരിഗണിക്കുന്നത് കോടതി ഈ മാസം 22-ലേക്ക് മാറ്റിയിട്ടുണ്ട്. സ്വർണക്കവർച്ചാ കേസിൽ നിർണായകമായ അന്വേഷണ ഘട്ടത്തിലൂടെയാണ് നിലവിൽ എസ്.ഐ.ടി. കടന്നുപോകുന്നത്.