തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഒരു വയസുകാരൻ ഇഖാൻ്റെ മരണത്തിൽ പിതാവ് കുറ്റം സമ്മതിച്ചു.കുട്ടിയെ മടിയിലിരുത്തി അടിവയറ്റിൽ ഇടിച്ചെന്ന് പിതാവ് പറഞ്ഞു. നെയ്യാറ്റിൻകര ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് ഷിജിനെ ചോദ്യം ചെയ്തത്. അച്ഛൻ കൊടുത്ത ബിസ്കറ്റും മുന്തിരിയും കഴിച്ചതിന് പിന്നാലെയാണ് കുഞ്ഞ് കുഴഞ്ഞു വീണതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. നേരത്തെയും മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്തിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഷിജിൻ - കൃഷ്ണപ്രിയ ദമ്പതികളുടെ മകൻ ഇഖാൻ കുഴഞ്ഞുവീണ് മരിച്ചത്.പുറത്തുവന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കുഞ്ഞിൻ്റെ അടിവയറ്റിൽ ചതവുകളും കൈയ്ക്ക് പൊട്ടലുമുണ്ടായിരുന്നു എന്ന വിവരം പുറത്തുവന്നിരുന്നു. ആ പൊട്ടൽ ഒരാഴ്ച മുൻപ് സംഭവിച്ചതാണ് എന്നാണ് അമ്മ പൊലീസിൽ മൊഴി നൽകിയത്. പക്ഷെ ആ പൊട്ടലിന് മൂന്ന് ആഴ്ചത്തെ പഴക്കമുണ്ടായിരുന്നു. കുഞ്ഞിന് ആന്തരിക രക്തസ്രാവം ഉണ്ടായിരുന്നുവെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. കുടുതൽ വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ട് പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മൊഴികളുടെ വൈരുധ്യം കൂടി കണക്കിലെടുത്തുകൊണ്ട് പൊലീസ് വീണ്ടും ചോദ്യം ചെയ്യൽ നടത്തിയത്.