Share this Article
News Malayalam 24x7
ഇറാനില്‍ ആഭ്യന്തര കലാപം തുടരുന്നു
Internal Unrest Escalates in Iran Amidst Crackdown

ഇറാനിൽ ഭരണകൂടത്തിനെതിരായ ആഭ്യന്തര പ്രക്ഷോഭം അതിരൂക്ഷമായി തുടരുന്നു. പ്രതിഷേധക്കാരെ ഭരണകൂടം കടുത്ത രീതിയിൽ അടിച്ചമർത്തുന്നതിനിടെ, രാജ്യത്ത് ഇതുവരെ 3400-ലധികം പേർ കൊല്ലപ്പെട്ടതായി മനുഷ്യാവകാശ പ്രവർത്തകർ അവകാശപ്പെട്ടു. ഇതിനിടെ, ഇറാനും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായതോടെ മിഡിൽ ഈസ്റ്റ് മേഖലയിൽ യുദ്ധത്തിനുള്ള സാധ്യത വർധിച്ചിരിക്കുകയാണ്.

പ്രതിഷേധക്കാരെയും സാമൂഹിക പ്രവർത്തകരെയും യാതൊരു കാരണവുമില്ലാതെ ജയിലിലടയ്ക്കുകയും വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്യുന്ന ക്രൂരമായ അടിച്ചമർത്തലാണ് ഇറാൻ ഭരണകൂടം പിന്തുടരുന്നത്. 800-ഓളം തടവുകാരെ ഇറാൻ പരസ്യമായി വധശിക്ഷയ്ക്ക് വിധിച്ചിട്ടുണ്ട്. സായുധസേനയുടെയും റെവല്യൂഷണറി ഗാർഡ്‌സിന്റെയും വെടിവെപ്പിലാണ് ഭൂരിഭാഗം പേരും കൊല്ലപ്പെട്ടത്.


വിവരങ്ങൾ പുറംലോകം അറിയുന്നത് തടയാൻ ഇറാനിൽ കഴിഞ്ഞ ഒരാഴ്ചയായി ഇന്റർനെറ്റ് സൗകര്യങ്ങൾ പൂർണ്ണമായും നിരോധിച്ചിരിക്കുകയാണ്. അതിനാൽ കൊല്ലപ്പെട്ടവരുടെയും തടവിലാക്കപ്പെട്ടവരുടെയും കൃത്യമായ കണക്കുകൾ പുറത്തുവരുന്നില്ല.


പ്രക്ഷോഭകാരികളെ തൊട്ടാൽ ഇറാൻ വലിയ വില നൽകേണ്ടി വരുമെന്ന് അമേരിക്കൻ ഭരണകൂടം മുന്നറിയിപ്പ് നൽകി. ഇറാന്റെ ഭാഗത്തുനിന്നുള്ള ആക്രമണം മുൻകൂട്ടി കണ്ട് ഖത്തർ ഉൾപ്പെടെയുള്ള മിഡിൽ ഈസ്റ്റിലെ സൈനിക വ്യോമതാവളങ്ങളിൽ നിന്ന് ഉദ്യോഗസ്ഥരോട് ഒഴിഞ്ഞുപോകുവാൻ അമേരിക്ക നിർദ്ദേശം നൽകിയിട്ടുണ്ട്.


കൂടാതെ, പ്രത്യേക ദൗത്യങ്ങൾക്കായി ഒരു 'കാരിയർ സ്ട്രൈക്ക് ഗ്രൂപ്പിനെ' അമേരിക്ക മേഖലയിൽ വിന്യസിച്ചിട്ടുള്ളത് യുദ്ധഭീതി വർദ്ധിപ്പിക്കുന്നു. ട്രംപ് ഒരു 'പ്രവർത്തികളുടെ മനുഷ്യൻ' ആണെന്നും ഇറാനെതിരെ ചെയ്യാൻ കഴിയുന്ന എല്ലാ ഓപ്ഷനുകളും പരിഗണനയിലുണ്ടെന്നും അമേരിക്കൻ സുരക്ഷാ കൗൺസിൽ പ്രതിനിധി മൈക്ക് വോൾസ് വ്യക്തമാക്കി.


കഴിഞ്ഞ ദിവസം നടന്ന യുഎൻ സെക്യൂരിറ്റി കൗൺസിൽ യോഗത്തിൽ ഇറാനെതിരെ കടുത്ത വിമർശനം ഉയർന്നു. ഇറാന്റെ തടവിൽ നിന്ന് രക്ഷപ്പെട്ട രണ്ട് മാധ്യമപ്രവർത്തകർ യോഗത്തിൽ സംസാരിക്കുകയും ഇറാനിലെ സംഘർഷം തടയുന്നതിൽ ഐക്യരാഷ്ട്രസഭ പരാജയപ്പെട്ടുവെന്ന് ആരോപിക്കുകയും ചെയ്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories