ദുബൈ: യുവസംരംഭകൻ റുഷ്‌ദി ബിൻ റഷീദ് ലോകകേരള സഭ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. ഇൻഡോ-അറബ് സാമൂഹിക-സാംസ്‌കാരിക മേഖലയിലെ പ്രവര്‍ത്തന രംഗത്തിന് നല്‍കിയ സംഭാവനകളെ മുന്‍ നിര്‍ത്തിയാണ് ലോകകേരള സഭ അംഗമായി റുഷ്ദി ബിൻ റഷീദ് തെരഞ്ഞെടുക്കപ്പെട്ടത്. ഇത് സംബന്ധിച്ച ഔദ്യോഗിക ക്ഷണക്കത്ത് സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിൽ നിന്നും അദ്ദേഹത്തിന് ലഭിച്ചു.
ദുബൈ റിയൽ എസ്റ്റേറ്റ് സ്ഥാപനമായ ബൈത്താൻ പ്രോപ്പർട്ടീസ് മാനേജിങ് ഡയറക്ടറും കണ്ണൂർ സിറ്റി പ്രവാസി കൂട്ടായ്മ കെസിപികെ സ്ഥാപക ജനറൽ സെക്രട്ടറിയുമായ റുഷ്ദി ബിൻ റഷീദ് കണ്ണൂർ സിറ്റി സ്വദേശിയാണ്. ഗോൾഡൻ വിസ ഉൾപ്പെടെ യു.എ.ഇ സർക്കാരിന്റെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
125 രാജ്യങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ പങ്കെടുക്കുന്ന ഈ ആഗോളസംഗമത്തിൽ നിയമസഭയിലേക്കും പാര്‍ലമെന്റിലേക്കും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും പങ്കുചേരും.കേരളവും പ്രവാസ ലോകവുമായി ബന്ധം ശക്തിപ്പെടുത്തുക, സാമൂഹിക സാമ്പത്തിക സാംസ്ക്കാരിക വിഷയങ്ങൾക്ക് ഊന്നൽ നൽകി പ്രവാസികളെ സംസ്ഥാനത്തിൻ്റെ വികസന പ്രവർത്തനങ്ങളുടെ ഭാഗമാക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ലോക കേരളസഭയുടെ പ്രവർത്തനങ്ങൾ.
ഇന്ന് മുതൽ 31 വരെ തിരുവനന്തപുരം നിയമസഭാ മന്ദിരത്തിലാണ് അഞ്ചാം ലോകകേരള സഭ നടക്കുന്നത്.