Share this Article
News Malayalam 24x7
പെട്രോളിൻ്റെയും ഡീസലിൻ്റെയും വിലകൂട്ടി നയാര കമ്പനി
Nayara Energy Petrol and Diesel Price Hike

രാജ്യത്തെ പ്രമുഖ സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ നയാറ എനർജി പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ വൻ വർദ്ധനവ് വരുത്തി. പെട്രോൾ ലിറ്ററിന് 5 രൂപ 30 പൈസയും ഡീസലിന് 3 രൂപയുമാണ് ഒറ്റയടിക്ക് വർദ്ധിപ്പിച്ചത്. പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിലനിൽക്കുന്ന സംഘർഷങ്ങളും ഗുജറാത്തിലെ കമ്പനിയുടെ പ്രധാന ഉൽപ്പാദന കേന്ദ്രങ്ങൾ അടഞ്ഞുകിടക്കുന്നതുമാണ് ഈ തീരുമാനത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ.

അന്താരാഷ്ട്ര വിപണിയിലെ അസംസ്‌കൃത എണ്ണവിലയിലെ അനിശ്ചിതത്വവും ആഭ്യന്തര വിതരണത്തിലുണ്ടായ തടസ്സങ്ങളും വില വർദ്ധനയെ സ്വാധീനിച്ചിട്ടുണ്ട്. രാജ്യത്ത് ഇന്ധനവില വർദ്ധിക്കില്ലെന്നും സ്ഥിരത തുടരുമെന്നും കേന്ദ്ര സർക്കാർ ആവർത്തിച്ച് ഉറപ്പുനൽകുന്നതിനിടയിലാണ് സ്വകാര്യ കമ്പനിയുടെ ഈ അപ്രതീക്ഷിത നീക്കം.


നയാറയുടെ ചുവടുപിടിച്ച് റിലയൻസ് ഉൾപ്പെടെയുള്ള മറ്റ് സ്വകാര്യ ഇന്ധന വിതരണക്കാരും പൊതുമേഖലാ എണ്ണക്കമ്പനികളും വില വർദ്ധിപ്പിക്കുമോ എന്ന ആശങ്കയിലാണ് സാധാരണക്കാർ. ഇത്തരത്തിൽ വിലക്കയറ്റം തുടരുകയാണെങ്കിൽ അത് നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവിനും വലിയ സാമ്പത്തിക പ്രതിസന്ധിക്കും വഴിതെളിക്കും.


സ്വകാര്യ പമ്പുകളെ ആശ്രയിക്കുന്ന വാഹന ഉടമകൾക്കും ചരക്ക് നീക്കത്തിനും ഈ തീരുമാനം വലിയ തിരിച്ചടിയാകും. നിലവിലെ സാഹചര്യത്തിൽ രാജ്യത്ത് ഊർജ്ജ പ്രതിസന്ധിക്കും ഇന്ധനക്ഷാമത്തിനും സാധ്യതയുണ്ടെന്ന വിലയിരുത്തലുകൾ ജനങ്ങളെ കൂടുതൽ ആശങ്കയിലാക്കുന്നുണ്ട്. വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories