Share this Article
News Malayalam 24x7
പഴുതടച്ച നീക്കം; പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ
Palakkad MLA Rahul Mankootathil Arrested

പാലക്കാട് എംഎൽഎയും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിനെ അതീവ രഹസ്യമായ നീക്കത്തിലൂടെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച അർദ്ധരാത്രി 12:30 ഓടെ പാലക്കാട്ടെ കെപിഎം ഹോട്ടലിലെ 2002-ാം നമ്പർ മുറിയിൽ നിന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പത്തനംതിട്ട സ്വദേശിനിയായ യുവതി നൽകിയ മൂന്നാമത്തെ ബലാത്സംഗ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നിർണായക നടപടി.

നേരത്തെ സമാനമായ രണ്ട് കേസുകളിൽ കോടതിയിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിൽ സംരക്ഷണം തേടിയിരുന്നതിനാൽ, ഇത്തവണ അതീവ ജാഗ്രതയോടെയും രഹസ്യമായുമാണ് പൊലീസ് നീങ്ങിയത്. ഷൊർണൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘം രാത്രി 12:15-ഓടെ ഹോട്ടലിലെത്തി. അറസ്റ്റ് വിവരം പുറത്തുപോകാതിരിക്കാൻ ഹോട്ടൽ റിസപ്ഷനിലെ ജീവനക്കാരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്ത ശേഷം, സിസിടിവി ദൃശ്യങ്ങൾ പോലും ബ്ലോക്ക് ചെയ്താണ്  പൊലീസ് സംഘം നീങ്ങിയത്. മുറിയിലെത്തിയ പോലീസ്, മൂന്നാമത്തെ പരാതിയെക്കുറിച്ചും അറസ്റ്റ് വാറന്റിനെക്കുറിച്ചും രാഹുലുമായി സംസാരിച്ചു. അഭിഭാഷകനുമായി സംസാരിക്കണമെന്നും പിഎയെ വിവരമറിയിക്കണമെന്നുമുള്ള ആവശ്യം പോലീസ് അനുവദിച്ചില്ല. 15 മിനിറ്റിനുള്ളിൽ അറസ്റ്റ് നടപടികൾ പൂർത്തിയാക്കിയ സംഘം, അതിർത്തി കടന്ന ശേഷമാണ് ഹോട്ടൽ ജീവനക്കാരുടെ ഫോണുകൾ തിരികെ നൽകിയത്. കസ്റ്റഡിയിലെടുത്ത ഉടൻ തന്നെ രാഹുലിനെ പത്തനംതിട്ട എആർ ക്യാമ്പിലേക്ക് മാറ്റി.


കാനഡയിൽ താമസിക്കുന്ന തിരുവല്ല സ്വദേശിനിയായ യുവതി ഇ-മെയിൽ വഴിയാണ് പത്തനംതിട്ട എഐജി ജി. പൂങ്കുഴലിക്ക് പരാതി നൽകിയത്. തുടർന്ന് യുവതിയുടെ മൊഴി വീഡിയോ കോൺഫറൻസിംഗിലൂടെ രേഖപ്പെടുത്തി കേസെടുക്കുകയായിരുന്നു. വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിക്കുകയും, നിർബന്ധിത ഗർഭഛിദ്രത്തിന് വിധേയയാക്കുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു. ഇതിനുപുറമെ, എംഎൽഎ ആയതിന് ശേഷം പാലക്കാട് ഫ്ലാറ്റ് വാങ്ങി നൽകാൻ ആവശ്യപ്പെട്ടതായും, വിലകൂടിയ ചെരുപ്പുകൾ, വസ്ത്രങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, ആഡംബര വാച്ച് എന്നിവ യുവതിയെക്കൊണ്ട് വാങ്ങിപ്പിച്ചതായും സാമ്പത്തിക ചൂഷണം നടത്തിയതായും ആരോപണമുണ്ട്. ഫോൺ സംഭാഷണങ്ങൾ ഉൾപ്പെടെയുള്ള കൃത്യമായ തെളിവുകൾ സഹിതമാണ് യുവതി പരാതി നൽകിയിരിക്കുന്നത്. ഗർഭഛിദ്രത്തിന് ശേഷം ഭ്രൂണം സൂക്ഷിച്ചിട്ടുണ്ടെന്നും അതിന്റെ ഡിഎൻഎ പരിശോധന നടത്തണമെന്നും യുവതി ആവശ്യപ്പെട്ടിട്ടുണ്ട്.


പത്തനംതിട്ട എആർ ക്യാമ്പിൽ വെച്ച് എഐജി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിൽ രാഹുൽ മാങ്കൂട്ടത്തിനെ ചോദ്യം ചെയ്തുവരികയാണ്. ചോദ്യം ചെയ്യലിൽ തനിക്കെതിരായ ആരോപണങ്ങൾ രാഹുൽ നിഷേധിച്ചതായും, ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണ് യുവതിയുമായി ഉണ്ടായിരുന്നതെന്ന് ആവർത്തിച്ചതായും റിപ്പോർട്ടുകളുണ്ട്. വൈദ്യപരിശോധനയ്ക്ക് ശേഷം അദ്ദേഹത്തെ ഇന്ന് ഞായറാഴ്ച (2026 ജനുവരി 11) തിരുവല്ല മജിസ്‌ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കുമെന്നാണ് വിവരം. പുതിയ പരാതിയിലെ ഈ ചടുലമായ നീക്കം രാഷ്ട്രീയ വൃത്തങ്ങളിലും വലിയ ചർച്ചയായിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories