Share this Article
News Malayalam 24x7
മുഖ്യമന്ത്രിക്കും പൊലീസ് കമ്മീഷണർക്കും പരാതി നൽകി ദീപകിന്‍റെ കുടുംബം; യുവതിക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് ആവശ്യം
വെബ് ടീം
2 hours 59 Minutes Ago
1 min read
deepak family

കോഴിക്കോട്: സ്വകാര്യ ബസിൽ വച്ച്  ലൈം​ഗികാതിക്രമം നടത്തിയെന്ന യുവതിയുടെ ആരോപണം സമുഹമാധ്യമത്തിൽ പ്രചരിച്ചതിന് പിന്നാലെ ​ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തില്‍ പരാതി നല്‍കി ബന്ധുക്കൾ. യുവതിക്ക് എതിരെ കൊലക്കുറ്റം ചുമത്തണം എന്നാണ് ബന്ധുക്കൾ ആവശ്യപ്പെടുന്നത്. സ്വകാര്യ ബസിലെ ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്ത്  യുവതി  വ്യാജ ആരോപണം ഉന്നയിച്ചെന്ന് കാട്ടിയാണ് മുഖ്യമന്ത്രിക്കുള്‍പ്പെടെ കുടുംബം പരാതി നല്‍കിയത്. യുവതിക്കെതിരെ നിയമനടപടിയുമായി ഏതറ്റം വരെയും പോകുമെന്ന് കുടുംബം പ്രതികരിച്ചു.

പയ്യന്നൂരില്‍ സ്വകാര്യ ബസില്‍ വച്ച്  ലൈംഗിക അതിക്രമം നടത്തിയെന്ന് കാട്ടി പൊതുപ്രവര്‍ത്തക കൂടിയായ യുവതി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെയായിരുന്നു കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയത്. വസ്തുതാ വിരുദ്ധമായ ആരോപണം ഉന്നയിക്കപ്പെട്ടതില്‍ മനം നൊന്താണ് ആത്മഹത്യയെന്ന ആരോപണവുമായി ദീപക്കിന്‍റെ കുടുംബവും സുഹൃത്തുക്കളും രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് യുവതിക്കെതിരെ പരാതി നല്‍കിയത്. മുഖ്യമന്ത്രി, കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ തുടങ്ങിയവര്‍ക്കാണ് പരാതി നല്‍കിയത്.

ദീപക്കിന്‍റെ ആത്മഹത്യയില്‍ അസ്വാഭാവിക മരണത്തിനാണ് ഇന്നലെ പൊലീസ് കേസെടുത്തത്. കുടുംബത്തിന്‍റെ പരാതി കിട്ടിയാല്‍ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാകും തുടര്‍ നടപടി. ബസില്‍ വെച്ച് ദുരനുഭവമുണ്ടായെന്ന ആരോപണം ദീപക്കിന്‍റെ മരണത്തിന് ശേഷവും യുവതി ആവര്‍ത്തിച്ചിരുന്നു. വടകര പൊലീസില്‍ ഇക്കാര്യം അറിയിച്ചെന്നുമായിരുന്നു യുവതിയുടെ അവകാശ വാദം. എന്നാല്‍ ഈ വാദം വടകര പൊലീസ് തള്ളി. ഇങ്ങനെയൊരു സംഭവത്തെക്കുറിച്ച് അറിയില്ലെന്നും ആരും പരാതി നല്‍കിയിട്ടില്ലെന്നുമായിരുന്നു വടകര ഇന്‍സ്പ്കെടറുടെ വിശദീകരണം.

അതേ സമയംഇൻസ്റ്റാഗ്രാം,ഫേസ്ബുക് ഉൾപ്പെടെ  സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായതിന് പിന്നാലെ യുവതി ഇന്‍സ്റ്റഗ്രാം. എഫ് ബി അക്കൗണ്ടുകള്‍ നീക്കി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories