സംസ്ഥാനത്ത് പാചകവാതക ക്ഷാമം അതീവ ഗുരുതരമായി തുടരുന്നു. സിലിണ്ടറുകൾ ലഭിക്കാത്തതിനെ തുടർന്ന് കൊച്ചിയിലെ 70 ശതമാനത്തോളം ഹോട്ടലുകൾ അടച്ചുപൂട്ടി. ഹോട്ടൽ മേഖലയ്ക്ക് പുറമെ കാറ്ററിംഗ് മേഖലയും പാചകവാതക പ്രതിസന്ധിയെ തുടർന്ന് പൂർണ്ണമായും സ്തംഭിച്ച അവസ്ഥയിലാണ്.
കൊച്ചിയിലെ പാചകവാതക പ്ലാന്റുകളിൽ സിലിണ്ടറുകൾക്കായി ലോറികളുടെ നീണ്ട നിരയാണ് ദൃശ്യമാകുന്നത്. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യമാണ് അടുക്കളകളെയും ഹോട്ടൽ മേഖലയെയും ബാധിച്ച ഈ പ്രതിസന്ധിക്ക് പിന്നിലെന്നാണ് സൂചന. അതേസമയം, പാചകവാതക പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയാൻ കേന്ദ്ര സർക്കാർ കർശന നടപടികൾ സ്വീകരിച്ചു വരികയാണ്. വിവിധ സംസ്ഥാനങ്ങളിൽ വ്യാപകമായ പരിശോധനകൾ നടന്നുവരുന്നു.
ഇതിനിടെ, പഞ്ചാബിലെ ബർണാല ജില്ലയിൽ പാചകവാതക സിലിണ്ടറിനായി ക്യൂ നിൽക്കുന്നതിനിടെ ഒരാൾ കുഴഞ്ഞുവീണു മരിച്ചു. ബർണാല സ്വദേശിയായ ഭൂഷൺ കുമാർ (60) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പാചകവാതകത്തിനായി ജനങ്ങൾ മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ടി വരുന്ന ദുരവസ്ഥയുടെ നേർക്കാഴ്ചയായി ഈ സംഭവം മാറി. വരും ദിവസങ്ങളിലും പ്രതിസന്ധി തുടർന്നാൽ അത് ഗാർഹിക ഉപഭോക്താക്കളെയും വലിയ രീതിയിൽ ബാധിക്കാൻ സാധ്യതയുണ്ട്.