Share this Article
News Malayalam 24x7
ശബരമല ആടിയ നെയ്യ് വിൽപ്പനയിൽ ഗുരുതര ക്രമക്കേട്; 25.5 ലക്ഷം രൂപയുടെ കുറവ് കണ്ടെത്തി ഓഡിറ്റ് വിഭാഗം
Sabarimala Audit Report: Discrepancies Found in Ghee Sales Accounts

ശബരമലയിലെ ആടിയ നെയ്യ് ശിഷ്ടം വിൽപ്പനയിൽ ലക്ഷക്കണക്കിന് രൂപയുടെ ഗുരുതരമായ ക്രമക്കേട് നടന്നതായി സംസ്ഥാന ഓഡിറ്റ് വിഭാഗത്തിന്റെ കണ്ടെത്തൽ. കണക്കുകളിൽ ഏകദേശം 25,52,000 രൂപയുടെ കുറവാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്. ഇതു സംബന്ധിച്ച വിശദമായ റിപ്പോർട്ട് ഓഡിറ്റ് വിഭാഗം ഹൈക്കോടതിയിൽ സമർപ്പിച്ചു.

രണ്ട് പ്രധാന കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചാണ് വലിയ തോതിലുള്ള ക്രമക്കേടുകൾ നടന്നിട്ടുള്ളതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. നെയ്യ് പാക്കിംഗിനായി എത്തിക്കുന്ന ഘട്ടത്തിൽ അതിന്റെ തൂക്കം ഒരിടത്തും പരിശോധിക്കാറില്ലെന്ന് ഓഡിറ്റ് വിഭാഗം കണ്ടെത്തി. ഇത് കൃത്രിമത്വത്തിന് വലിയ സാധ്യതയാണ് നൽകുന്നത്.


ഏറ്റവും വിസ്മയിപ്പിക്കുന്ന കണ്ടെത്തൽ കണക്കുകൾ സൂക്ഷിച്ചിരുന്ന രീതിയെക്കുറിച്ചാണ്. കോടിക്കണക്കിന് രൂപയുടെ വരുമാനം ലഭിക്കുന്ന ഇത്രയും പ്രധാനപ്പെട്ട ഒരു കേന്ദ്രത്തിലെ നെയ്യ് വിൽപ്പനയുടെ കണക്കുകൾ വെറും നാല് സ്കൂൾ നോട്ടുബുക്കുകളിലായാണ് രേഖപ്പെടുത്തിയിരുന്നത്. ഈ ബുക്കുകളിലാകട്ടെ വ്യാപകമായ രീതിയിൽ വെട്ടലുകളും തിരുത്തലുകളും വരുത്തിയിട്ടുള്ളതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.


ഭാവിയിൽ ആടിയ നെയ്യ് വിൽപ്പനയിൽ പൂർണ്ണമായ സുതാര്യത ഉറപ്പുവരുത്തുന്നതിനായി ഒമ്പത് നിർദ്ദേശങ്ങൾ അടങ്ങിയ ശുപാർശയും ഓഡിറ്റ് വിഭാഗം കോടതിക്ക് മുൻപാകെ വെച്ചിട്ടുണ്ട്. ദേവസ്വം ബോർഡിന്റെ ഭാഗത്തുനിന്നുണ്ടായ ഈ വീഴ്ചയെ കോടതി ഗൗരവമായി കാണുമെന്നാണ് സൂചന.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories