Share this Article
News Malayalam 24x7
സാദിഖലി തങ്ങൾക്കെതിരെ സൈബർ ആക്രമണം; അന്വേഷണം ഊർജിതമാക്കി പൊലീസ്
Sadiq Ali Shihab Thangal

മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിലൂടെ നടന്ന സൈബർ ആക്രമണത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കി. അധിക്ഷേപകരമായ പോസ്റ്റിട്ട ഫേസ്ബുക്ക് അക്കൗണ്ടിന്റെ ഉറവിടം കണ്ടെത്താനായി മലപ്പുറം സൈബർ പൊലീസ് ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ 'മെറ്റ'യെ ഔദ്യോഗികമായി സമീപിച്ചു.

ഏത് കമ്പ്യൂട്ടറിൽ നിന്നാണ് അക്കൗണ്ട് കൈകാര്യം ചെയ്തതെന്നും ഐ.പി അഡ്രസ് അടക്കമുള്ള വിവരങ്ങളും ലഭ്യമാക്കണമെന്നാണ് പൊലീസിന്റെ ആവശ്യം. നിലവിൽ വിവാദമായ പോസ്റ്റ് അക്കൗണ്ടിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. എങ്കിലും വ്യാജരേഖ ചമയ്ക്കൽ, അപകീർത്തിപ്പെടുത്തൽ തുടങ്ങിയ ഗൗരവകരമായ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സൈബർ ഇടങ്ങളിൽ പ്രമുഖ വ്യക്തിത്വങ്ങളെ ലക്ഷ്യം വെച്ചുള്ള വ്യാജ പ്രചാരണങ്ങൾ തടയുന്നതിന്റെ ഭാഗമായാണ് അന്വേഷണം ഊർജിതമാക്കിയിരിക്കുന്നത്.


സാദിഖലി തങ്ങൾക്കെതിരായ സൈബർ ആക്രമണത്തെ ഭരണ-പ്രതിപക്ഷ ഭേദമന്യേ രാഷ്ട്രീയ കേരളം ഒന്നടങ്കം അപലപിച്ചു. യു.ഡി.എഫ് നേതാക്കൾക്ക് പുറമെ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ, തവനൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.ടി. ജലീൽ എം.എൽ.എ എന്നിവരും സംഭവത്തെ ശക്തമായി എതിർത്ത് രംഗത്തെത്തി. സമൂഹം ബഹുമാനിക്കുന്ന വ്യക്തിത്വങ്ങളെ ഇത്തരത്തിൽ സോഷ്യൽ മീഡിയ വഴി അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് നേതാക്കൾ വ്യക്തമാക്കി. കുറ്റക്കാരെ ഉടൻ കണ്ടെത്തി മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നാണ് എല്ലാ വൃത്തങ്ങളിൽ നിന്നുമുള്ള ആവശ്യം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories