Share this Article
News Malayalam 24x7
പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ; തൃശൂരിലും പാലക്കാടും കൂറ്റൻ തിരഞ്ഞെടുപ്പ് റാലികൾ
PM Narendra Modi's Visit to Kerala

തെരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിലെത്തിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിലെത്തും. എൻഡിഎ സ്ഥാനാർത്ഥികളുടെ പ്രചാരണത്തിനായി പാലക്കാടും തൃശൂരിലുമാണ് പ്രധാനമന്ത്രി വിവിധ യോഗങ്ങളിൽ പങ്കെടുക്കുന്നത്.

ഞായറാഴ്ച രാവിലെ ആദ്യം പാലക്കാട് എത്തുന്ന പ്രധാനമന്ത്രി അവിടെ സംഘടിപ്പിക്കുന്ന വലിയ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കും. ജില്ലയിലെ എൻഡിഎ സ്ഥാനാർത്ഥികൾക്കായി വോട്ടുതേടിയാണ് അദ്ദേഹം എത്തുന്നത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് പാലക്കാട് നഗരത്തിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.


പാലക്കാട്ടെ പരിപാടികൾക്ക് ശേഷം പ്രധാനമന്ത്രി തൃശൂരിലെത്തും. തൃശൂർ ലോക്‌സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി പത്മജ വേണുഗോപാലിന്റെ പ്രചാരണാർത്ഥം തൃശൂർ സ്വരാജ് റൗണ്ടിൽ സംഘടിപ്പിക്കുന്ന റോഡ് ഷോയാണ് സന്ദർശനത്തിലെ പ്രധാന ആകർഷണം. ഏകദേശം 900 മീറ്റർ ദൂരത്തിലാണ് റോഡ് ഷോ നിശ്ചയിച്ചിരിക്കുന്നത്.


സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ചൂട് വർധിച്ചിരിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ സന്ദർശനം എൻഡിഎ ക്യാമ്പുകളിൽ വലിയ ആവേശമാണ് പടർത്തിയിരിക്കുന്നത്. മോദിക്കൊപ്പം പത്മജ വേണുഗോപാലും റോഡ് ഷോയിൽ അണിനിരക്കുന്നത് തൃശൂരിലെ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് പുതിയൊരു മാനം നൽകുന്നു.


പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് തൃശൂർ നഗരത്തിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ബിജെപി കേന്ദ്ര-സംസ്ഥാന നേതാക്കളും പ്രധാനമന്ത്രിക്കൊപ്പം വിവിധ പരിപാടികളിൽ പങ്കെടുക്കും.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories