Share this Article
News Malayalam 24x7
'പിപിഇ കിറ്റ് ക്ഷാമം കാരണം വളരെ കുറച്ച് കിറ്റുകള്‍ മാത്രമാണ് കൂടിയ വിലയ്ക്ക് വാങ്ങിയത്; സാഹചര്യത്തിന്റെ ഗൗരവം ജനം മറന്നുപോകില്ല; സിഎജിക്ക് മറുപടി പറയേണ്ടത് സര്‍ക്കാര്‍'; കെകെ ശൈലജ
വെബ് ടീം
posted on 21-01-2025
1 min read
KK SHAILAJA

തിരുവനന്തപുരം: കോവിഡ് കാലത്തെ പിപിഇ കിറ്റ് ഇടപാടില്‍ ക്രമക്കേടുണ്ടെന്ന സിഎജി റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജ. ഈ വിഷയത്തില്‍ നേരത്തെ മറുപടി പറഞ്ഞതാണ്. പിപിഇ കിറ്റിന് ക്ഷാമമുണ്ടായ സമയത്താണ് കുറച്ച് കിറ്റുകള്‍ കൂടുതല്‍ വിലയ്ക്ക് വാങ്ങേണ്ടിവന്നത്. ആ സമയത്ത് ഒരു കമ്പനിയുടെ കൈവശം മാത്രമാണ് കിറ്റുകള്‍ ഉണ്ടായിരുന്നത്. ലക്ഷക്കണക്കിന് കിറ്റുകളില്‍ 15,000 മാത്രമാണ് കൂടിയ വിലയ്ക്ക് വാങ്ങിയതെന്നും ആ സാഹചര്യത്തിന്റെ ഗൗരവം കേരളത്തിലെ ജനങ്ങള്‍ മറന്നുപോകില്ലെന്നും കെകെ ശൈലജ പറഞ്ഞു

സിഎജി റിപ്പോര്‍ട്ട് താന്‍ കണ്ടിട്ടില്ല. അതിന് മറുപടി പറയേണ്ടത് സര്‍ക്കാരാണ്. നേരത്തെ ഈ വിഷയം പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചപ്പോള്‍ തന്നെ മറുപടി പറഞ്ഞതാണ്. ലോകായുക്തയുടെ മുമ്പാകെ പ്രതിപക്ഷം പരാതി സമര്‍പ്പിച്ചപ്പോഴും കാര്യങ്ങള്‍ വ്യക്തമാക്കി. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഈ വിഷയത്തില്‍ മുഖ്യമന്ത്രിയും വ്യക്തമായി മറുപടി പറഞ്ഞതാണെന്ന് ശൈലജ പറഞ്ഞു.പിപിഇ കിറ്റിന് ക്ഷാമമുണ്ടായപ്പോള്‍ വില കൂടിയിരുന്നു. ഈ സമയത്താണ് കുറച്ച് പിപിഇ കിറ്റുകള്‍ കൂടിയ വിലയ്ക്ക് വാങ്ങേണ്ടി വന്നത്. ലക്ഷക്കണക്കിന് കിറ്റുകള്‍ വാങ്ങിയതില്‍ വളരെ കുറച്ച് കിറ്റുകള്‍ മാത്രമാണ് കൂടിയ വിലയ്ക്ക് വാങ്ങിയത്. ആ സാഹചര്യം അങ്ങിനെയായിരുന്നു. അത് കേരളത്തിലെ ജനങ്ങള്‍ മറന്നുപോവില്ല.നല്ല ക്ഷാമമുണ്ടായിരുന്നു ആ സമയത്ത് പിപിഇ കിറ്റിന്. ഒരു കമ്പനിയുടെ കൈയിലേ കിറ്റ് ഉണ്ടായിരുന്നുള്ളൂ. അന്ന്, 50000 കിറ്റുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയെങ്കിലും അത്രയെണ്ണം ലഭിച്ചിരുന്നില്ല. ഗുണനിലവാരം കൂടെ കണക്കിലെടുത്തായിരുന്നു ഓര്‍ഡര്‍ സമര്‍പ്പിച്ചതെന്ന് കെകെ ശൈലജ പറഞ്ഞു.

പിപിഇ കിറ്റ് ഇടപാടില്‍ 10.23 കോടി രൂപ സര്‍ക്കാരിന് അധിക ബാധ്യതയുണ്ടായി എന്നാണ് സി.എ.ജി. റിപ്പോര്‍ട്ടില്‍ പറയുന്നത്. പൊതുവിപണിയേക്കാള്‍ 300 ശതമാനം കൂടുതല്‍ പണം നല്‍കിയാണ് പിപിഇ കിറ്റ് വാങ്ങിയതെന്നും ഇതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories