തിരുവനന്തപുരം: വി എസ് അച്യുതാനന്ദന് പദ്‌മവിഭൂഷൺ ലഭിച്ചതിൽ പ്രതികരിച്ച് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. അദ്ദേഹം ജീവിച്ചിരുന്നെങ്കിൽ ഈ അവാർഡ് സ്വീകരിക്കുമായിരുന്നില്ലെന്നും തന്നെ തിരഞ്ഞെടുത്തതിന് നന്ദി പറഞ്ഞുകൊണ്ട് ഇത്തരം പുരസ്‌കാരങ്ങൾ സ്വീകരിക്കുന്ന രീതി പാർട്ടിക്കില്ലെന്നും വി എസ് വ്യക്തമാക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.ഇഎംഎസ് നമ്പൂതിരിപ്പാട്, ജ്യോതിബസു, ഹരികിഷൻ സിംഗ് സുർജിത്, ബുദ്ധദേവ് ഭട്ടാചാര്യ, ഡോ. എംബിഎ പരമേശ്വരൻ എന്നിവർ ഇത്തരത്തിൽ പുരസ്‌കാരങ്ങൾ നിഷേധിച്ചവരാണെന്ന് എം എ ബേബി ചൂണ്ടിക്കാട്ടി.
പൊതുപ്രവർത്തനവും രാഷ്‌ട്രീയ പ്രവർത്തനവും ജനങ്ങൾക്ക് വേണ്ടിയുള്ളതാണ്. അത് പുരസ്‌കാരം ലഭിക്കാൻ ഉദ്ദേശിച്ചുള്ളതല്ല. പുരസ്‌കാരത്തിനായി പരിഗണിച്ചതിൽ സന്തോഷമുണ്ടെന്ന് അറിയിക്കുമ്പോൾ തന്നെ, പാർട്ടി ബോധത്തിന്റെ അടിസ്ഥാനത്തിൽ ഇത്തരം അംഗീകാരങ്ങൾ സ്വീകരിക്കാൻ കഴിയില്ലെന്ന് ഇവർ ഓരോരുത്തരും വ്യക്തമാക്കിയിട്ടുണ്ട്. ഇത് പാർട്ടിയുടെ ഔദ്യോഗിക നിർദേശത്തേക്കാളുപരി അവരുടെ രാഷ്‌ട്രീയ ബോദ്ധ്യത്തിന്റെ അടിസ്ഥാനത്തിലുള്ള തീരുമാനമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വി എസ് ജീവിച്ചിരിപ്പില്ലാത്ത സാഹചര്യത്തിൽ അദ്ദേഹത്തിന്റെ കുടുംബമാണ് പുരസ്‌കാരത്തോട് പ്രതികരിച്ചിട്ടുള്ളത്. കുടുംബം ഇതിൽ സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്. വി എസിനെ അംഗീകരിച്ചതിൽ സന്തോഷമുണ്ടെന്നും എന്നാൽ, പുരസ്‌കാരം കൈപ്പറ്റണമോ എന്ന കാര്യത്തിൽ കുടുംബമാണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, വി എസിന് ലഭിച്ച പദ്‌മവിഭൂഷൺ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സ്വാഗതം ചെയ്‌തിരുന്നു. സിപിഐഎം നേതാക്കൾ മുമ്പ് പുരസ്‌കാരം തിരസ്‌കരിച്ചത് വ്യക്തിപരമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.